കോഴിക്കോട്: മുതിർന്ന നേതാക്കൾ അന്ത്യശാസനം നൽകിയതോടെ പ്രതിഷേധങ്ങളും പരസ്യ പ്രസ്താവനകളും അവസാനിപ്പിച്ചിരിക്കുകയാണ് കുറ്റ്യാടിയിലെ സഖാക്കൾ. കഴിഞ്ഞ ദിവസം നടന്ന കുന്നുമ്മൽ ഏരിയ കമ്മറ്റി യോഗത്തിലാണ് പാർട്ടി വിരുദ്ധ പ്രവർത്തനം ആവർത്തിച്ചാൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് നേതാക്കൾ അണികള്‍ക്ക് മുന്നറിയിപ്പ് നൽകിയത്. എളമരം കരീം, ജില്ലാ സെക്രട്ടറി പി.മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത്. പാർട്ടിയിൽ നിന്ന് പുറത്തുപോകേണ്ടി വരുമെന്ന് മനസിലായതോടെ പ്രവർത്തകർ പിൻവാങ്ങിയിരിക്കുകയാണ്. ഒരു പ്രതികരണത്തിനും ഇല്ല എന്ന് നിലവിൽ തീരുമാനമെടുത്ത കുറ്റ്യാടി സഖാക്കൾ എല്ലാം പാർട്ടി പറയും പോലെ എന്ന നിലപാടിലാണ് ഇപ്പോള്‍.
ഇനി കേരള കോൺഗ്രസ് എം കുറ്റ്യാടിയിൽ മത്സരിച്ചാലും ഇവർ എതിർപ്പുമായി രംഗത്ത് വരാൻ സാധ്യതയില്ല. ഞായറാഴ്ച നടക്കുന്ന സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തോടെ എല്ലാം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് മുതിർന്ന നേതാക്കൾ. എന്നാൽ തങ്ങൾക്ക് താൽപര്യമില്ലാത്ത പാർട്ടിയേയും സ്ഥാനാർഥിയേയും കുറ്റ്യാടിയിൽ ഇറക്കിയാല്‍ അതിന്‍റെ മറുപടി വോട്ടെണ്ണുമ്പോൾ പ്രതിഫലിക്കും എന്ന സൂചന പ്രവര്‍ത്തകര്‍ ഇപ്പോഴും പങ്കുവെക്കുന്നുണ്ട്.