കോഴിക്കോട് : കാത്തിരുന്ന് ഒരു എംഎല്‍എയെ കിട്ടി. ആ എംഎല്‍എ മന്ത്രിയായി. അതോടെ സ്ഥലകാല ബോധം മറന്ന് തെരുവിലടിച്ച ഐഎൻഎല്ലിൽ വിവാദങ്ങൾ ഒഴിയുന്നില്ല. ഐഎൻഎല്‍ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്‍റെ പേരില്‍ സ്മാരകം പണിയാൻ പിരിച്ച കോടികളെ കുറിച്ചാണ് പുതിയ വിവാദം.
ആറ് വർഷം, ഒന്നും നടന്നില്ല
പാർട്ടിക്ക് ഒരു ആസ്ഥാന മന്ദിരം എന്ന ലക്ഷ്യത്തോടെ ആറ് വർഷം മുമ്പ് കോഴിക്കോട് നടത്തിയ ശിലാസ്ഥാപനത്തിന്‍റെ ശിലാഫലകം പോലും ഇപ്പോൾ കാണാനില്ല. 2015 ജനുവരി 13ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയാണ് സ്‌മാരകത്തിന് പ്രതീകാത്മക ശിലയിട്ടത്. 14 ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരിച്ച് നല്‍കി.
![inl fund issue inl issue news ഐഎൻഎല്‍ വാർത്തകള്‍ ഐഎൻഎല്‍ ആസ്ഥാനം](https://etvbharatimages.akamaized.net/etvbharat/prod-images/kl-kkd-27-01-inl-fund-7203295_27072021123754_2707f_1627369674_173.jpg)
ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലും പിരിവ് നടന്നു. ഇതിന് പുറമെ ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്ന് ഐ.എം.സി.സി പ്രവര്‍ത്തകരും വന്‍ തുക നല്‍കി. നാല് കോടിയോളം രൂപ പിരിഞ്ഞ് കിട്ടിയതായാണ് വിവരം. എന്നാൽ ഇതിന്‍റെ വ്യക്തമായ കണക്കുകള്‍ ഇതുവരെ പുറം ലോകം അറിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ആറ് വർഷം കഴിഞ്ഞിട്ടും ഒരു തുണ്ട് ഭൂമി പോലും കണ്ടെത്താനായിട്ടുമില്ല.
കണക്ക് ചോദിച്ചർ പാർട്ടിയിലില്ല
പിരിച്ച കോടികളെ കുറിച്ച് ഐഎൻഎല്‍ നേതൃത്വം മിണ്ടുന്നുമില്ല. കണക്ക് ചോദിച്ചവരിൽ പലരും പാര്‍ട്ടിക്ക് പുറത്താണ്. 10 കോടി രൂപയുടെ ബജറ്റിൽ പഠന ഗവേഷണ കേന്ദ്രം, കോണ്‍ഫറന്‍സ് ഹാള്‍, ഹ്യൂമണ്‍ റിസോഴ്‌സ് സെന്‍റര്‍, സ്റ്റുഡന്‍റ്സ് ഹോം, സേട്ടിന്‍റെ പാർലമെന്‍റിലെ പ്രസംഗം അടങ്ങിയ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കാനായിരുന്നു പദ്ധതി.
ഇന്ന് 18 ലക്ഷത്തിന്‍റെ ഓഫീസ്
നിലവില്‍ കോഴിക്കോട് പാളയത്തെ ഒറ്റ മുറി ഓഫിസാണ് ഐഎൻഎല്ലിന്‍റെ ആസ്ഥാനം. 18 ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ ഈ ഓഫീസിന്‍റെ വാതിലിനടിയിൽ പായലും പൂപ്പലും കയറിയ അവസ്ഥയാണ്.
മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു വിഭാഗം ഐ.എന്‍.എല്‍ നേതാക്കളും പ്രവര്‍ത്തകരും ആസ്ഥാന മന്ദിര നിര്‍മാണം വീണ്ടും സജീവമായി ഉയര്‍ത്തിക്കൊണ്ടു വരികയാണ്. പിരിച്ച കോടികളെ കുറിച്ച് ചോദിക്കുന്നവരെ പുറത്താക്കി എത്രനാൾ മുന്നോട്ടു പോകുമെന്നാണ് ഇനി അറിയേണ്ടത്.