കോഴിക്കോട്: തുഷാരഗിരിയിലെ കൈവിട്ടുപോയ പരിസ്ഥിതി ലോല പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുളള വനംവകുപ്പിന്‍റെ നടപടികൾ ഉടൻ പൂർത്തിയാകില്ല. സ്വകാര്യ വ്യക്തികൾക്ക് നഷ്‌ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാൻ പണമില്ലാത്തതാണ് പ്രശ്‌നം. കിഫ്ബി സഹായത്തോടെ ഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ടു.
ഭൂമി ഏറ്റെടുക്കാന്‍ പണമില്ല
24 ഏക്കർ ഭൂമി തിരികെ പിടിക്കാൻ റീബിൽഡ് കേരളയുടെയോ കിഫ്ബിയുടെയോ സഹായം തേടാനായിരുന്നു വനം വകുപ്പ് നീക്കം. എന്നാൽ ഈ നീക്കം ഉടൻ വിജയം കാണാനിടയില്ലെന്നാണ് വനംമന്ത്രി നൽകുന്ന സൂചന. ഭൂമി പണം കൊടുത്ത് ഏറ്റെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിനും വലിയ താല്‍പര്യമില്ല.
കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച വനംവകുപ്പിന്‍റെ വിദഗ്‌ധ സംഘം, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭൂമി കൈവശക്കാർക്ക് വിട്ടുകൊടുക്കുന്നത് ചര്‍ച്ച ചെയ്‌തിരുന്നു. എത്ര ഭൂമി എന്തു വില നൽകി ഏറ്റെടുക്കണമെന്നതടക്കമുളള കാര്യങ്ങളിൽ കാര്യമായ ചർച്ചയേ നടന്നിട്ടില്ല. എന്നാൽ 24 ഏക്കറും തിരിച്ചുപിടിക്കണമെന്നാണ് പരിസ്ഥിതി സംഘടനകൾ ഉൾപ്പെടെയുളളവർ ആവശ്യപ്പെടുന്നത്. അല്ലാത്ത പക്ഷം പ്രദേശത്തെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്നും പരാതി നിലനിൽക്കുന്നുണ്ട്.
20 കൊല്ലം മുന്‍പ് വനംവകുപ്പ് ഏറ്റെടുത്ത ഭൂമി
സുപ്രീംകോടതി ഭൂവുടമകള്‍ക്ക് തിരിച്ചു കൊടുക്കാന്‍ ഉത്തരവിട്ട വനഭൂമിയാണ് സർക്കാർ പണം കൊടുത്ത് വാങ്ങാൻ നീക്കം നടത്തിയത്. തുഷാരഗിരി ഇക്കോ ടൂറിസം പദ്ധതിയുടെ പ്രധാന ഭാഗങ്ങള്‍ ഈ ഭൂമിയില്‍ ഉള്‍പ്പെടുന്നതിനാലായിരുന്നു വനം വകുപ്പ് നീക്കം. പരിസ്ഥിതി ലോല പ്രദേശമെന്ന പേരില്‍ 20 കൊല്ലം മുമ്പാണ് ഭൂമി വനംവകുപ്പ് ഏറ്റെടുത്തത്.
ഈ പ്രദേശത്താണിപ്പോള്‍ ഇക്കോ ടൂറിസം പദ്ധതിയുടെ പ്രധാന കവാടവും വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയുമടക്കം സ്ഥിതി ചെയ്യുന്നത്. ഇതിനെതിരെ സുപ്രിം കോടതിയെ സമീപിച്ചവർ അനുകൂല വിധി സമ്പാദിച്ചു. ഈ സാഹചര്യത്തിലാണ് ഭൂമി പണം കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചത്.
Read more: തുഷാരഗിരിയിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍