കോഴിക്കോട് : 'ഹരിത'യെ പിന്തുണച്ച എംഎസ്എഫ് നേതാക്കളെ പുറത്താക്കിയത് ശരിയായില്ലെന്ന് പറയുന്ന ഇ.ടി മുഹമ്മദ് ബഷീറിന്‍റെ ശബ്‌ദരേഖ പുറത്ത്. ലൈംഗികാധിക്ഷേപ പരാതി നേരിട്ട എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെയും പുറത്താക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറയുന്നു. ഹരിതക്കൊപ്പം നിന്ന എംഎസ്എഫ് നേതൃത്വത്തിനെതിരെ നടപടിയെടുത്തതില്‍ മുസ്ലിം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത അതൃപ്‌തിയുണ്ടായിരുന്നെന്ന് തെളിയിക്കുന്നതാണ് ഇ.ടി മുഹമ്മദ് ബഷീറിന്‍റെ ശബ്‌ദരേഖ.
''നമ്മൾ കഴിഞ്ഞ ആഴ്‌ച ഇരുന്നപ്പോൾ ഞാൻ വളരെ സ്‌ട്രോങ്ങായി സ്റ്റാൻഡെടുത്തു. നവാസ് വന്ന വഴി ശരിയല്ലെന്ന്. നവാസ് ഹരിതയുമായി തെറ്റി. എംഎസ്എഫുകാരുമായും തെറ്റി. അങ്ങനെ എല്ലാവരുമായി തെറ്റി. പ്രശ്‌നങ്ങൾ പൂർണമാവാൻ അവനെയും കൂടി (നവാസിനെയും) ഒഴിവാക്കണം'' - ശബ്‌ദരേഖ ഇങ്ങനെ.
നവാസ് വന്ന വഴി ശരിയല്ലെന്ന് പറയുന്ന ഇ.ടി മുഹമ്മദ് ബഷീര്‍ ലക്ഷ്യമിടുന്നത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കൂടിയാണ്. ലൈംഗികാധിക്ഷേപ പരാതി ഉയര്‍ന്നിട്ടും എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ നവാസിനെ പിന്തുണയ്ക്കുന്നത് സാദിഖലി ശിഹാബ് തങ്ങളും പി.എം.എ സലാമുമാണെന്ന് പുറത്താക്കപ്പെട്ട ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ലത്തീഫിനെ പുറത്താക്കിയ നടപടി ശരിയല്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറയുന്നു.
''ലത്തീഫിനോട് ചെയ്‌തതിന് ഒരു ന്യായീകരണവും പറയാനില്ല. സലാം പറയുന്നത് തങ്ങൾ പറഞ്ഞു തങ്ങൾ പറഞ്ഞു എന്നാണ്. ഇനി തങ്ങൾ പറഞ്ഞാൽ തന്നെ...ഇഷ്യൂസൊക്കെ ഉണ്ടാകും. മാറ്റിയില്ലെങ്കിൽ എന്ത് അപകടമായിരുന്നു വരാൻ പോകുന്നത്'' - ഇ.ടി മുഹമ്മദ് ബഷീര്‍ ശബ്‌ദരേഖയില്‍ പറയുന്നു.
ലത്തീഫ് ഉള്‍പ്പടെയുള്ളവരെ പുറത്താക്കിയത് മുസ്ലിം ലീഗ് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നായിരുന്നു പി.എം.എ സലാം ഉള്‍പ്പടെയുള്ളവര്‍ അന്ന് വിശദീകരിച്ചത്. എന്നാല്‍ ലീഗ് നേതൃത്വത്തില്‍ ഭിന്നത ഇപ്പോഴും രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് ഇ.ടി മുഹമ്മദ് ബഷീറിന്‍റേതായി പുറത്ത് വന്ന ശബ്‌ദരേഖ.