കോഴിക്കോട്: ഇ ശ്രീധരൻ വരുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വലിയ പ്രതീക്ഷകളാണ്. ഒരു മണ്ഡലം വിജയിക്കുന്നതിനൊപ്പം ഇ ശ്രീധരന്‍റെ പൊതു സമ്മതിയും സ്വീകാര്യതയും വികസന രംഗത്തെ പ്രതിച്ഛായയും സംസ്ഥാനത്ത് വോട്ടാക്കി മാറ്റാമെന്നും ബിജെപി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രാ വേദിയില്‍ ഇ ശ്രീധരന് അംഗത്വം നല്‍കാനാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. അതോടൊപ്പം വിജയസാധ്യത കൂടി കണക്കിലെടുത്ത് തൃശൂരോ എറണാകുളത്തോ ശ്രീധരനെ മത്സരിപ്പിക്കാൻ ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്.
സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കാൻ തീരുമാനിച്ചതെന്ന് ശ്രീധരൻ പ്രതികരിച്ചിരുന്നു. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലും ഇ ശ്രീധരൻ ബിജെപിയിലേക്ക് വരുന്നു എന്ന നിലയിൽ പ്രചാരണമുണ്ടായിരുന്നു. ബിജെപി നേതാക്കൾ അദ്ദേഹവുമായി ചർച്ചയും നടത്തിയിരുന്നു. എന്നാൽ അദ്ദേഹം ബിജെപി പ്രവേശനമെന്നതിനോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കേന്ദ്ര നേതാക്കൾ കൂടി ഇടപെട്ടാണ് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ ശ്രീധരന്‍റെ പാർട്ടി പ്രവേശനം സാധ്യമാക്കിയതെന്നാണ് സൂചന.
പൊതു സ്വീകാര്യരായ വ്യക്തികളെ തെരെഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദ്ദേശം ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും പ്രമുഖരായ വ്യക്തികള്‍ ബിജെപിയില്‍ എത്തുമെന്നാണ് കരുതുന്നത്. വിജയ യാത്രയുടെ പ്രധാന സ്വീകരണ കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും ഇവരെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിക്കുക.