ന്യൂഡൽഹി : കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കുന്നത് സംബന്ധിച്ച തീരുമാനം ഒൻപതംഗ സമിതിയുടെ റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. വിമാനാപകടം സംബന്ധിക്കുന്ന റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ സമർപ്പിക്കാൻ സമിതിയെ വ്യോമയാന മന്ത്രാലയം നിയോഗിച്ചിരുന്നു.
സെക്രട്ടറി പ്രദീപ് സിങ് ഖരോലയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സമിതിയുടെ റിപ്പോർട്ടിനെ ആശ്രയിച്ചാകും അന്തിമ തീരുമാനം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ 43 ശുപാർശകൾ പഠിക്കാനും 60 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുമാണ് സമിതിയെ നിയോഗിച്ചത്.
READ MORE: കരിപ്പൂർ വിമാനാപകടം: വിനയായത് പൈലറ്റിന്‍റെ അമിത ആത്മവിശ്വാസം - അന്വേഷണ റിപ്പോർട്ട്
വലിയ വിമാനങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന കാര്യം കമ്മിറ്റി പരിശോധിക്കുമെന്നും നിർദേശങ്ങളും ഇതോടൊപ്പം പരിശോധിക്കുമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
2020 ഓഗസ്റ്റ് ഏഴിന് രാത്രി 7.41നാണ് കരിപ്പൂരിൽ വിമാനാപകടമുണ്ടായത്. കൊവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 1344 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
കരിപ്പൂരിൽ ലാൻഡിങ്ങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടമായി 35 മീറ്റർ താഴ്‌ച്ചയിലേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നു. ക്യാപ്റ്റനും കോ പൈലറ്റും ഉൾപ്പടെ 21 പേരാണ് മരിച്ചത്.