കോഴിക്കോട് : കേരളപ്പിറവി ദിനം കുട്ടികൾക്ക് 'പുതുയുഗ'പ്പിറവിയാണ്. വീടെന്ന പഠനശാലയിൽ നിന്ന് സ്‌കൂൾ എന്ന വിശാലതയുടെ ലോകത്തേക്ക് അവർ കടക്കുകയാണ്. കഴിഞ്ഞ 20 മാസം കൊണ്ട് കുട്ടികളിൽ ഉണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. സ്‌കൂളിൽ പോവാതെയും കൂട്ടം കൂടാതെയും പഠിക്കാം എന്നവർ മനസിലാക്കിക്കഴിഞ്ഞു.
പശ്ചാത്യ രീതികൾ ഇവിടെയും ഫലവത്തായി. സാങ്കേതിക വിദ്യകളിൽ അവർ അമ്മാനമാടി. എങ്കിലും വരും നാളുകളിൽ നാം ഏത് രീതിയിൽ പഠന ദിവസങ്ങളെ സമീപിക്കണം എന്നതിൽ വിശദമായ മാർഗനിർദേശം നൽകുകയാണ് കോഴിക്കോട് തിരുവങ്ങൂർ ഹയർസെക്കന്‍ററി സ്‌കൂളിലെ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ശിവദാസ് പൊയിൽക്കാവ്.
വരാനിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിനങ്ങൾ
വെല്ലുവിളികൾ നിറഞ്ഞ ദിനങ്ങളാണ് വരാൻ പോകുന്നതെന്നാണ് ശിവദാസ് ആമുഖമായി വ്യക്തമാക്കുന്നത്. ഒരു ചട്ടക്കൂടിന് അപ്പുറത്തേക്ക് പല തരത്തിലുള്ള വിദ്യകൾ കുട്ടികൾ നേടിക്കഴിഞ്ഞു. ഓരോ കുട്ടിക്കും എന്തൊക്കെ കഴിവുണ്ട് എന്ന് തിരിച്ചറിയുന്നത് അധ്യാപക വിദ്യാർഥി ബന്ധത്തിൽ നിന്നാണ്.
അതിന് അടിത്തറ നൽകുന്നത് വിദ്യാലയങ്ങളിൽ നിന്നാണെന്നും പാഠഭാഗങ്ങൾ കാണാതെ പഠിച്ച് മാർക്ക് നേടുന്നതല്ല വിദ്യാഭ്യാസമെന്നും ശിവദാസ് പൊയിൽക്കാവ് പറയുന്നു. ഓൺലൈൻ ക്ലാസിന്‍റെ മറവിൽ പല ലോകങ്ങളും കുട്ടികൾ അറിഞ്ഞുകഴിഞ്ഞു. പല ഗെയിമുകളുടേയും 'ആപ്പി'ലാണ് കുട്ടികൾ. വഴിതെറ്റി സഞ്ചരിക്കുന്നവരേയും അടിമകളായവരേയും നേർരേഖയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അധ്യാപകരും രക്ഷിതാക്കളും അതിന് കൂട്ടായി പ്രവർത്തിക്കേണ്ടി വരും.
പല തരത്തിലുള്ള മാനസിക സംഘർഷങ്ങളുടെ നടുവിൽ നിന്നാണ് കുട്ടികൾ വീണ്ടും ഒന്നിക്കാൻ പോകുന്നത്. അധ്യാപകരാണ് കുട്ടികളുടെ മാനസിക പ്രശ്നങ്ങളെ ആദ്യം തിരിച്ചറിയുന്നത്. കൗൺസിലിംഗിന് പോലും ഒരു ഇടവേള വന്നിരിക്കുകയാണ്. ക്ലാസ് മുറികളെ പഴയ രീതിയിലേക്ക് ഘട്ടം ഘട്ടമായി തിരിച്ച് കൊണ്ടുവരികയാണ് ശ്രമകരമായ ജോലി. അതിനിടയിൽ പല കടമ്പകളും കടക്കേണ്ടി വരും. അതിന് അനുയോജ്യമായ ദിനങ്ങൾ വന്നുചേരുകയാണെന്നും ശിവദാസ് വ്യക്തമാക്കി.
മാറ്റങ്ങളുടെ ഭാഗമായി അധ്യാപകരും
അധ്യാപകരിലും പല മാറ്റങ്ങൾ സംഭവിച്ച ദിനങ്ങളാണ് കടന്നുപോയത്. മഹാമാരിക്കാലത്ത് പല സന്നദ്ധ പ്രവര്‍ത്തികളും ചെയ്യാൻ അധ്യാപക സമൂഹത്തിന് സാധിച്ചു. ഓൺലൈൻ ക്ലാസുകളില്‍ നല്ല പ്രകടനങ്ങൾ കാഴ്‌ചവച്ചവരും നിരവധിയാണ്. എന്നാൽ അതിൻ്റെ ശോഭ കെടുത്തുന്ന പ്രവർത്തികളും ചിലരുടെ ഭാഗത്തുനിന്നുണ്ടായി. ഏത് സമൂഹത്തിലും ഇത്തരം പുഴുക്കുത്തുകൾ ഉണ്ടാകുമെന്നും എല്ലാം ശരിയാകുമെന്നും ശിവദാസ് പൊയിൽക്കാവ് അഭിപ്രായപ്പെടുന്നു.
സ്‌കൂൾ കലോത്സവങ്ങളിൽ മികച്ച നാടകങ്ങൾ ഒരുക്കി പ്രശംസ പിടിച്ച് പറ്റിയ ശിവദാസ്, കൊവിഡ് കാലത്ത് കുട്ടികൾക്കായി പുസ്‌തകങ്ങൾ രചിച്ചും ശ്രദ്ധനേടി. ഏറ്റവും ഒടുവിൽ കുട്ടികളെ സ്‌കൂളിലേക്ക് ആകർഷിക്കാൻ ഒരുക്കിയ ആൽബം തരംഗമാവുകയാണ്.
READ MORE: കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാം ; സ്‌കൂൾ തുറക്കൽ മാർഗനിർദേശങ്ങൾ ഇങ്ങനെ