കോഴിക്കോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ പുല്ലിൽ നിന്ന് തീ പടർന്ന് ഗുരുതരമായി പെള്ളലേറ്റ മൂന്ന് സഹോദരങ്ങളിൽ ഇളയ പെൺകുട്ടി മരിച്ചു. നെല്ലിക്കട്ട ജുമാ മസ്ജിദിന് സമീപത്തെ എ.ടി. താജുദീൻ നിസാമി - ത്വയിബ ദമ്പതികളുടെ മക്കളിൽ ഇളയ കുട്ടി ഫാത്തിമ (7)യാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സഹോദരങ്ങളായ അബ്ദുള്ള, മുഹമ്മദ് ആഷിഖ് എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച വൈകിട്ടാണ് ഇവർക്ക് പൊള്ളലേറ്റത്. ആദ്യം ചെങ്കള നായനാർ ആശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളജിലേക്കും വിദഗ്ദ ചികിത്സയ്ക്കായി ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഫാത്തിമയുടെ ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റിരുന്നു. പെട്ടെന്ന് തീപിടിക്കുന്ന വസ്ത്രം ധരിച്ചതിനാലാണ് ഫാത്തിമക്ക് കൂടുതൽ പൊള്ളലേറ്റത്.