കോഴിക്കോട്: നഗരസഭയുടെ 2021-22 വർഷത്തെ ബജറ്റ് ഡെപ്യൂട്ടിമേയർ സി.പി മുസഫർ അഹമ്മദ് അവതരിപ്പിച്ചു. 698,06,27,530 രൂപ വരവും 631,97,05,401 രൂപ ചെലവും 66,09,22,129 രൂപ നീക്കിയിരിപ്പുമുള്ള 2020–21വർഷത്തെ പുതുക്കിയ ബജറ്റും നീക്കിയിരിപ്പ് ഉൾപ്പെടെ 882,85,70,853 രൂപ വരവും 827,89,03,509 രൂപ ചെലവും 54,96,67,344 രൂപ നീക്കിയിരിപ്പുമുള്ള 2021–22വർഷത്തേക്കുള്ള മതിപ്പ് ബജറ്റുമാണ് അവതരിപ്പിച്ചത്. ബുധനാഴ്ച ഉച്ചക്ക് ശേഷം ആരംഭിച്ച ബജറ്റ് ചർച്ചകൾ വ്യാഴാഴ്ചയും തുടരും.
നഗരത്തിന് പ്രത്യേക ശുചിത്വ പ്രോട്ടോകോൾ നടപ്പാക്കുക. നഗര ശുചീകരണത്തിന് 20 ഇന കർമ്മ പദ്ധതി, കോഴിക്കോട് ഇമ്യൂണിറ്റി ഡവലപ്മെന്‍റ് സ്കീം (കിഡ്സ്), വെസ്റ്റഹിൽ ഹെൽത് കോംപ്ലക്സ്, വൃക്കരോഗികൾക്ക് ഡയാലിസിസ് പദ്ധതി, കുടുംബശ്രീ-ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്, സരോവരത്ത് സൈക്കിൾ ട്രാക്ക്, മെഡിക്കൽ കോളജിൽ കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ അമൃത് ഫണ്ട് ഉപയോഗിച്ച് എസ്കലേറ്റർ, മെഡിക്കൽ കോളജ് ആശുപത്രിയിൽ 200 പേർക്ക് ഉപയോഗിക്കാവുന്ന ഷോർട്ട് സ്റ്റേ ഹോം, തെരുവ് കച്ചവടം പുനക്രമീകരിക്കല്‍, നഗരത്തിൽ എല്ലാ വഴിയും ആംബുലൻസ് കടന്ന് പോവുന്നവിധം വികസിപ്പിക്കാൻ ലക്ഷ്യമിടും. കിഡ്സൺ കോർണർ പാർക്കിംഗ് പ്ലാസകളുടെ നിർമാണം സമയബന്ധിതമായി നടപ്പാക്കാനും പദ്ധതിയുണ്ട്.
മെഡിക്കൽ കോളജ്, പൊറ്റമ്മൽ, നടക്കാവ്, കമീഷണർ ഓഫീസ്, മാനാഞ്ചിറ തുടങ്ങിയവ ആദ്യഘട്ടത്തിൽ നവീകരിക്കും. പൊതു ഇടങ്ങൾ കണ്ടെത്തി കോഴിക്കോടൻ ഭക്ഷണവും കലാസ്വാദനവും എല്ലാമുൾക്കൊണ്ട ‘ഉറങ്ങാത്ത തെരുവ്’ പദ്ധതിയും നടപ്പാക്കും. പഴയ കോർപറേഷൻ ഓഫീസ് നഗര ചരിത്ര മ്യൂസിയമാക്കുന്ന ജോലി ഇക്കൊല്ലം തുടങ്ങാനും പദ്ധതിയുണ്ട്. പാളയത്ത് ബസ് സ്റ്റാന്‍റും പച്ചക്കറിമാർക്കറ്റും മറ്റും ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ സിറ്റി ടവർ നിര്‍മിക്കും. ഡിസൈനർ റോഡുകൾ സ്ഥാപിക്കാനും റോഡുകൾക്ക് വാർഷിക അറ്റകുറ്റപ്പണിക്ക് സ്ഥിരം സംവിധാനമൊരുക്കാനും പദ്ധതിയുണ്ട്.
കോഴിക്കോടിനെ സാംസ്ക്കാരികോത്സവങ്ങളുടെ നഗരമാക്കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, സംഗീതോത്സവം, അന്താരാഷ്ട്ര നാടകോത്സവം അന്താരാഷ്ട്ര കൺവെൻഷൻ സെന്‍ററിനുള്ള സാധ്യതാ പഠനം കരട് പദ്ധതി തയ്യാറാക്കല്‍ എന്നിവ ഇക്കൊല്ലം നടത്തും. മൊഫ്യൂസിൽ സ്റ്റാന്‍റ് കേരളത്തിലെ എറ്റവും മികച്ച സ്റ്റാന്‍റാക്കും. മെഡിക്കൽ കോളജ്, മീഞ്ചന്ത ബസ് ടെർമിനൽ നിർമാണം ഈ വര്‍ഷം തുടങ്ങും. കല്ലായിപുഴ നവീകരണത്തിനുള്ള 7.5 കോടിയുടെ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. സെൻട്രൽ മാർക്കറ്റടക്കം എല്ലാ മാർക്കറ്റും നവീകരിക്കും.
ഗവണ്‍മെന്‍റ് ആർട്സ് കോളജിൽ സിന്തറ്റിക് ട്രാക്കും മിനി സ്റ്റേഡിയവും ഒരുക്കാനും പദ്ധതിയുണ്ട്. രണ്ട് കൊല്ലത്തിനകം തീരമേഖലയിലും മലയോര പ്രദേശങ്ങളിലുമടക്കം എല്ലായിടത്തും കുടിവെള്ളം എത്തിക്കും. ശ്മശാനങ്ങൾ ആധുനികവത്ക്കരിക്കും. മൃഗങ്ങൾക്ക് പ്രത്യേക ശ്മശാനം. മൃഗാശുപത്രിയിലൊന്നിൽ അത്യാഹിത വിഭാഗം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നഗരത്തിന് പുതിയ ലോറി ടെർമിനൽ എന്നിവയും നടപ്പാക്കും. ജീവനകാരുടെ കാര്യക്ഷമത വർധിപ്പിക്കാൻ ജീവനക്കാർക്ക് കൃത്യമായ ഇടവേളയിൽ ഇൻസർവീസ് പരിശീലനം നല്‍കും. കോർപറേഷൻ ഓഫീസിൽ മുഴുവൻ സെക്ഷനിലും സി.സി.ടി.വി സ്ഥാപിക്കും. ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനം ശമ്പള ബില്ലുമായി ബന്ധിപ്പിക്കും. വരുമാനം വർധിപ്പിക്കാൻ മുഴുവൻ ഫീസും നികുതിയും പിരിച്ചെടുക്കും. പുതിയ ഹാളുകളുടെ വാടക കൂട്ടും. ഫയലുകൾ കെട്ടിക്കിടക്കുന്നത് തടയാൻ ജൂൺ -ജൂലൈ മാസം പ്രത്യേക അദാലത്തുകൾ നടത്തുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു.