കോഴിക്കോട്: മന്ത്രി എ.കെ ശശീന്ദ്രൻ താമരശേരി ബിഷപ്പ് മാർ റമീജിയോസ് ഇൻജനാനിയലുമായി കൂടിക്കാഴ്‌ച നടത്തി. കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് മന്ത്രി ബിഷപ്പുമായി കൂടിക്കാഴ്‌ച നടത്തിയത്. ഇന്ന് (15.05.22) രാവിലെ 8.30 ഓടെ താമരശേരി ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച.
മനുഷ്യൻ്റെ ജീവനും, കൃഷിക്കും വെല്ലുവിളിയായ കാട്ടുപന്നികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കുന്നതിന് കാത്തു നിൽക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉചിതമായ തീരുമാനമെടുക്കാനുള്ള നടപടിക്രമങ്ങളെ കുറിച്ചാണ് സർക്കാർ ചർച്ച ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഉടൻ തന്നെ നിയമ നിർമ്മാണം നടത്തും. കർഷകരുടെ താൽപര്യങ്ങൾ എത്രത്തോളം നിറവേറ്റിക്കൊടുക്കാൻ സാധിക്കുമോ അത് ചെയ്തു കൊടുക്കാനുള്ള നിർദ്ദേശമാണ് മുഖ്യമന്ത്രിയിൽ നിന്നും ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
വളരെ സന്തോഷകരമായ കൂടിക്കാഴ്‌ചയായിരുന്ന മന്ത്രിയോടൊപ്പമുള്ളതെന്ന് ബിഷപ്പ് പറഞ്ഞു. കർഷകർ നേരിടുന്ന പ്രശനങ്ങൾ തുറന്നു സംസാരിക്കുവാൻ സാധിച്ചുവെന്നും, പ്രശ്‌നങ്ങളോട് മന്ത്രിക്ക് തുറന്ന സമീപനമായിരുന്നുവെന്നും ബിഷപ്പ് പറഞ്ഞു. കർഷകർക്ക് അനുകൂലമായ നിയമ നിർമ്മാണം ഉണ്ടാവുമെന്ന പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്നും ബിഷപ്പ് വ്യക്തമാക്കി.