കോട്ടയം: വീട് നിർമിക്കുന്നതിനായി പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എസ്ഐ അറസ്റ്റിൽ. രാമപുരം പോലീസ് സ്റ്റേഷനിലെ അസിസ്‌റ്റന്‍റ് സബ് ഇൻസ്‌പെക്‌ടര്‍ ബിജുവിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്‌തത്. കിഴതിരി സ്വദേശി കെ ജസ്റ്റിന്‍റെ പരാതിയിലാണ് അറസ്റ്റ്.
ഇന്നലെ വൈകീട്ട് ക്ഷേത്രം ജംഗ്ഷനിൽ നിന്നാണ് വിജിലൻസ് സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തത്. സ്വന്തം സ്ഥലത്ത് വീട് നിർമിക്കുന്നതിനായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിൽ നിന്ന് അനുമതി വാങ്ങി ജസ്റ്റിൻ പാറ പൊട്ടിച്ചിരുന്നു. എന്നാൽ ഇവിടെ കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ ആയതോടെ കാലാവധിക്കുള്ളിൽ പാറ നീക്കം ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് പാറ നീക്കം ചെയ്യുന്നതിന് പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകി.
പൊലീസ് ബുദ്ധിമുട്ടിക്കാതെ നോക്കിക്കോളാമെന്ന് പറഞ്ഞ് അസിസ്‌റ്റന്‍റ് സബ് ഇൻസ്‌പെക്‌ടറായ ബിജു ഇക്കഴിഞ്ഞ 19ന് 3,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. വീണ്ടും 5,000 രൂപ കൂടി ആവശ്യപ്പെട്ടതിനെ തുടർന്ന് ജസ്റ്റിൻ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ എസ്‌പി വി.ജി വിനോദ് കുമാറിന് പരാതി നൽകുകയായിരുന്നു. ബിജുവിനെ ഇന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Also read: കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു ഇൻസ്പെക്‌ടര്‍ വിജിലൻസിന്‍റെ പിടിയില്‍