കോട്ടയം: ഇന്ത്യയിൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബിജെപിയും, കേന്ദ്ര സർക്കാരും ചേർന്ന് നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. കർണാടകയിലെ രാഷ്ട്രീയം കലുഷിതമാക്കിയതിന് പിന്നിൽ പ്രധാനമന്ത്രിയുടെ ഗൂഢനീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയത്ത് കെഎസ്‌യു ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിലനിൽക്കുന്ന കീഴ് വഴക്കങ്ങളും , ജനാധിപത്യ മര്യാദകളും അനുസരിച്ച് ഭരണം നടത്തേണ്ട കേന്ദ്രസർക്കാർ പക്ഷെ എല്ലാ സംസ്ഥാനങ്ങളിലും ഭരണം നേടുന്നതിനുവേണ്ടി ഇതെല്ലാം മാറ്റിമറിക്കുകയാണ് ഉമ്മൻചാണ്ടി ആരോപിച്ചു.
ഗോവയിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയിൽ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന അവകാശവാദവുമായി അധികാരത്തിലേറിയ ബിജെപി പക്ഷെ കർണാടകയിൽ ഇതെല്ലാം മാറ്റി മറിച്ചന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്-ജനതാദൾ സഖ്യത്തെ അംഗീകരിക്കാതെ സർക്കാർ അട്ടിമറിക്കാനുള്ള നീക്കമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കർണാടകയിൽ നടത്തുന്നത്. രാജ്യസ്നേഹവും, സ്വാതന്ത്ര്യവും, അവകാശവും സംരക്ഷിക്കുവാൻ കഴിയുന്ന ജനാധിപത്യ സർക്കാരാണ് രാജ്യത്ത് ഉണ്ടാകേണ്ടതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.