കോട്ടയം: ലോക്ക് ഡൗണ്‍ കാലം കണ്ടുപിടുത്തങ്ങളുടെയും കലാസൃഷ്ടികളുടെയും കാലമാകുമ്പോള്‍ മിനി ക്രെയിന്‍ നിര്‍മിച്ചിരിക്കുകയാണ് ഈരാറ്റുപേട്ടയക്ക് സമീപം തിടനാട്ടിലെ രണ്ട് സുഹൃത്തുക്കള്‍. ബൈക്ക് എന്‍ജിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്രെയിന്‍ 250 കിലോ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ്. മൂന്ന് ഭാഗങ്ങളായി അഴിച്ചുമാറ്റാവുന്ന മിനി ക്രെയിന്‍ നിര്‍മാണമേഖലയില്‍ ഏറെ പ്രയോജനപ്രദമാണ്.
ഡ്രൈവറായ ഡെന്നീസും ദിവസ ജോലിക്കാരനായ പ്രമോദുമാണ് ക്രെയിന്‍ രൂപകല്‍പനയ്ക്ക് പിന്നില്‍. കിണര്‍ നിര്‍മാണ ജോലികള്‍ക്ക് പോകുന്ന പ്രമോദിന് കിണറില്‍ നിന്നും മണ്ണും കല്ലും കയറ്റുന്നതിനുള്ള ബുദ്ധിമുട്ട് കണ്ടാണ് ഒരുപകരണം തയാറാക്കാന്‍ ഡെന്നീസ് പരിശ്രമിച്ചത്. യൂട്യൂബ് വീഡിയോകളില്‍ കണ്ടെത്തിയവ പ്രയോജനപ്പെടില്ലെന്ന് വ്യക്തമായതോടെ സ്വന്തമായൊരെണ്ണം തയാറാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് മൂന്ന് മാസത്തോളമെടുത്താണ് മിനി ക്രെയിന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ബൈക്കിന്‍റെ എഞ്ചിനും വിവിധ വാഹനങ്ങളുടെ പാര്‍ട്‌സുകളും ഉപയോഗിച്ചാണ് മിനി ക്രെയിന്‍ പൂര്‍ത്തീകരിച്ചത്. 70 അടി താഴ്ചയില്‍ നിന്നും പരമാവധി 250 കിലോ ഭാരം വരെ ഉയര്‍ത്തുവാനും, താഴ്ത്തുവാനും, 360 ഡിഗ്രി കറങ്ങുവാനും സാധിക്കുന്ന തരത്തിലാണ് ഈ ക്രെയിന്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ ഒന്നര മണിക്കൂറോളം തുടര്‍ച്ചയായി ഈ ക്രെയിന്‍ പ്രവര്‍ത്തിക്കും. ആക്‌സിലേറ്റര്‍, ക്ലച്ച്, ബ്രേക്ക് എന്നിവ ഉപയോഗിച്ച് ഒരു ബൈക്ക് ഓടിക്കുന്ന അതേ രീതിയില്‍ വളരെ എളുപ്പത്തില്‍ മിനി ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കാം. എഞ്ചിന്‍ ചൂടാകുന്ന പ്രശ്‌നം ഒഴിവാക്കാനായി കാര്‍ റേഡിയേറ്റര്‍ ഫാനും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്. 60000 രൂപയോളമാണ് ഇതിനായി ചെലവാക്കിയത്. ക്രെയിനിന്‍റെ സാധ്യതകള്‍ അറിയിനായി കോണ്‍ട്രാക്ടര്‍മാരടക്കം നിരവധി പേര്‍ ഇവരെ ബന്ധപ്പെടുന്നുണ്ട്.