കോട്ടയം: കൊവിഡിനെ തുടർന്ന് തകർന്നടിഞ്ഞ ഓരോ മേഖലകളും പതിയെ പഴയ താളം കണ്ടെത്താൻ ശ്രമിക്കുമ്പോൾ താളമപ്പാടെ പിഴച്ച് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ് സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് വ്യവസായ മേഖല. ആഘോഷങ്ങളും, വിനോദ സഞ്ചാരവും നിലച്ചതോടെ ടൂറിസ്റ്റ് ബസുകൾ നിരത്തൊഴിഞ്ഞു. മൈതാനങ്ങളിലും റോഡരികിലും വിശ്രമിക്കുന്ന ബസുകളുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്.
ഓട്ടം ഇല്ലാതായതോടെ സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റ് ബസുടമകളും ജി ഫോം സമർപ്പിച്ചിരിക്കുകയാണ്. ജോലിയില്ലാതായതോടെ തൊഴിലാളികളിൽ അധികവും മറ്റു തൊഴിലുകളിലേക്ക് ചേക്കേറി. പരിമിതമായ അനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിച്ചപ്പോൾ ബസുടമകളുടെ ദുരിതം ആരുടെയും കണ്ണിൽപ്പെട്ടില്ല. ഭീമമായ തുകയാണ് നികുതിയിനത്തിലും, ഇൻഷുറൻസിലും, വാഹനങ്ങളുടെ അടവിലും മറ്റുമായി ബസുടമകളിൽ നിന്നും ചിലവാകുന്നത്. നികുതിയിളവാണ് സർക്കാരിൽ നിന്നും ബസുടമകൾ പ്രതീക്ഷിക്കുന്നത്. പക്ഷേ സർക്കാർ തിരിഞ്ഞു നോക്കുന്നില്ല. ലക്ഷങ്ങൾ മുടക്കി മോടിപിടിപ്പിച്ച് പുറത്തിറക്കിയ വാഹനങ്ങൾ തുരുമ്പെടുത്തും കാടുകയറിയും നശിക്കുകയാണ്.