കോട്ടയം: കോട്ടയത്ത് ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മരണവീട്ടില്‍ കടന്നുകയറി പണം കവർന്നു. കോട്ടയം കോതനെല്ലൂരില്‍ പ്ലാക്കുഴിയില്‍ ബേബി എന്നയാളുടെ വീട്ടില്‍ നിന്ന് 31,000 രൂപയാണ് മോഷണം പോയത്. ശനിയാഴ്‌ച ബേബിയുടെ അമ്മ മേരിയുടെ സംസ്‌കാരച്ചടങ്ങുകള്‍ പള്ളിയില്‍ നടക്കുന്നതിനിടെയായിരുന്നു മോഷണം.
മോഷ്‌ടാവ് വീട്ടിലെത്തുമ്പോള്‍ അയല്‍വാസിയായ സ്ത്രീയും മൈക്ക് സെറ്റുകാരനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന് മുന്നില്‍ നിരത്തിയിട്ടിരുന്ന കസേരയില്‍ അല്‍പ്പ നേരം ഇരുന്ന ശേഷം അടുത്ത ബന്ധുവിനെപ്പോലെ മൈക്ക് സെറ്റുകാരനെ സഹായിക്കുകയും മറ്റ് കാര്യങ്ങളില്‍ നിര്‍ദേശം നല്‍കുകയും ചെയ്‌ത ശേഷം വീടിനകത്തേക്ക് കയറി. തുടര്‍ന്ന് വീട്ടില്‍ പണം സൂക്ഷിച്ചിരുന്ന രണ്ട് ബാഗുകളില്‍ നിന്നായി 31,000 രൂപ കവര്‍ന്ന് പിന്‍വശത്തെ വാതിലിലൂടെ രക്ഷപ്പെട്ടു.
ബന്ധുക്കളില്‍ ചിലര്‍ ചടങ്ങ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലാക്കുന്നത്. ഓട്ടോയിലാണ് പ്രതി വീട്ടിലെത്തിയത്. മറ്റൊരു ഓട്ടോയില്‍ തിരിച്ച് പോയ പ്രതി എറണാകുളം ഭാഗത്തേക്ക് കടന്നതായാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also read: സോനം കപൂറിന്‍റെ വീട്ടിലെ 2.4 കോടിയുടെ കവര്‍ച്ച : യുവതിയും ഭര്‍ത്താവും പിടിയില്‍