കോട്ടയം: കുടമാളൂർ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഗരുഡൻ തൂക്കത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച ഗുണ്ട സംഘത്തിലെ രണ്ടു പേർ കൂടി പിടിയിലായി, ഇതോടെ കേസിൽ മൂന്നു പേർ അറസ്റ്റിലായി. ആർപ്പൂക്കര കരിപ്പഭാഗം കൊച്ചുപറമ്പിൽ അരുൺകുമാർ (കൊച്ചവൻ -22), അയ്‌മനം ശ്രീനവമി നിതിൻ പ്രകാശ് (ചക്കര 27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിലെ പ്രധാന പ്രതിയായ അയ്‌മനം ചിറ്റക്കാട്ട് കോളനി പുളിക്കപ്പറമ്പിൽ ലോജി ജെയിംസിനെ (27) കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
ഒരാഴ്‌ച മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം. ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുട്ടപ്പനാണ് (84) വെട്ടേറ്റത്. കുടമാളൂർ കരിയിലക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കുട്ടപ്പന്‍റെ മകനായ ഗിരീഷും ലോജിയുടെ ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തുടർന്ന്, ഉത്സവത്തിന് ശേഷം ഗിരീഷിനെ ഉപദ്രവിക്കാനായി ഗുണ്ട സംഘം ഗിരീഷിന്‍റെ വീട്ടിലെത്തുകയും കുട്ടപ്പനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ അനൂപ് കൃഷ്‌ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. തുടർന്ന്, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ