കോട്ടയം: യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയില്‍. തലയോലപ്പറമ്പ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ബാറിൽ വച്ചുണ്ടായ വാക്കേറ്റത്തെ തുടർന്ന് പ്രകോപിതനായി യുവാവിനെ വീട്ടിൽ കയറി തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ചെമ്പ് ബ്രഹ്മമംഗലം ചൂളപ്പറമ്പിൽ അഖിൽ സി.ബാബുവാണ് (28) അറസ്‌റ്റിലായത്.
തലയോലപ്പറമ്പ് എസ് ഐ മാരായ ടിആർ ദീപു, പിഎസ്. സുധീരൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജീവ്, സിപിഒ പ്രവീൺ പ്രകാശ്, ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വൈകുന്നേരം അഞ്ചോടെ അരയൻകാവ് ഭാഗത്ത് നിന്നും അഖിലിനെ പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ വെള്ളൂർ വരിക്കാംകുന്ന് അസീസി ബധിര വിദ്യാലയത്തിന് സമീപം കോട്ടപ്പുറം വീട്ടിൽ കെ.ആർ. രാഹുലിനെ (26) വീട്ടിൽ കയറി ഇയാൾ തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റ രാഹുൽ ചികിത്സയിലാണ്.