കോട്ടയം: എരുമേലിയിൽ ചരിത്രമുറങ്ങുന്ന ഒരു വീടുണ്ട്, പുത്തൻവീട്. ആയിരം വർഷത്തിനപ്പുറത്തുള്ള ഒരു ചരിത്രമാണ് ഈ വീടിന് പറയാനുള്ളത്. ശബരീശനാഥൻ അയ്യപ്പന്‍റേതെന്ന് കരുതപ്പെടുന്ന ഒരു ഉടവാൾ ഇവിടെയുണ്ട്. പന്തളം കൊട്ടരാത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് സന്ദർശനത്തിനെത്തിയ അയ്യപ്പൻ പുത്തന്‍വീട്ടില്‍ അഭയം തേടിയെന്നും മഹിഷി ശല്ല്യത്തെപ്പറ്റിയറിഞ്ഞ അയ്യപ്പൻ, മഹിഷി നിഗ്രഹിത്തിന് ശേഷം തനിക്ക് അഭയം തന്ന വീട്ടിൽ തന്‍റെ ഓർമക്കായി ഉടവാൾ സമർപ്പിക്കുകയുമായിരുന്നുവെന്നുമാണ് ഈ വാളിന് പിന്നിലെ ഐതീഹ്യം.
ഇന്നും ഈ ചരിത്ര ഭവനത്തെ പഴമ ചോരാതെ സംരക്ഷിക്കുകയാണ് പുത്തൻ വീട്ടിലെ ഇപ്പോഴത്തെ തലമുറ. അയ്യപ്പൻ അന്തിയുറങ്ങിയതെന്ന് കരുതപ്പെടുന്ന ഇവിടുത്തെ ഒരു ചെറിയ മുറിയിൽ പ്രത്യേകം ഒരുക്കിയ ഭാഗത്ത് എല്ലാവർക്കും കാണാവുന്ന രീതിയിലാണ് വാൾ പ്രദർശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു വീടിനെപ്പറ്റിയും ഇതിന് പിന്നിലെ ചരിത്രത്തെപ്പറ്റിയും ഭക്തരടക്കം അധികം ആർക്കും അറിയില്ലയെന്നതാണ് വാസ്തവം.