ഉമ്മന്‍ചാണ്ടിയെന്ന പേരിലേക്ക് ചുരുങ്ങിയ നിയമസഭ മണ്ഡലം. നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ചാണ്ടിയിലൂടെ പുതുപ്പള്ളിയും ചരിത്രത്തിലിടം പിടിച്ചു. കരുണാനിധിയും കെഎം മാണിയും കെ.ആര്‍ ഗൗരിയമ്മയും ഉള്‍പ്പെട്ട പട്ടികയില്‍ ഇടംപിടിക്കാനും ഈ അപൂര്‍വനേട്ടത്തിലൂടെ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ഒരു മണ്ഡലത്തെ ഏറ്റവുമധികം കാലം പ്രതിനിധീകരിച്ച എംഎല്‍എയെന്ന കെ എം മാണിയുടെ റെക്കോഡ് ഉമ്മന്‍ചാണ്ടിക്ക് മറികടക്കാനാകുമോയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
സ്വന്തം മണ്ഡലം വിട്ട് ഉമ്മന്‍ചാണ്ടി നേമത്ത് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പുതുപ്പള്ളിക്കാര്‍ തന്നെ വാഹനം തടഞ്ഞും ആത്മഹത്യ ഭീഷണി മുഴക്കിയും രംഗത്തെത്തിയത് തെരഞ്ഞെടുപ്പ് കാലത്തെ കാണാക്കാഴ്ചകളില്‍ ഒന്നായി. പുതുപ്പള്ളിയെ കൈവിടില്ലെന്ന പ്രഖ്യാപനത്തോടെ സ്വന്തം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിക്കെതിരെ ഇത്തവണയും സിപിഎമ്മിന്‍റെ യുവനേതാവ് ജെയ്ക്ക് സി തോമസാണ് എതിരാളി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെയ്ക്ക് മണ്ഡലത്തില്‍ മുന്നില്‍ നിന്ന് നയിച്ചത് എല്‍ഡിഎഫിന് നേട്ടമുണ്ടാക്കിയിരുന്നു. സ്വന്തം പഞ്ചായത്തില്‍ നിന്നടക്കം ഉമ്മന്‍ചാണ്ടിക്ക് നേരിട്ട തിരിച്ചടി ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍ ഹരിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
മണ്ഡല ചരിത്രം
കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളും ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനം പഞ്ചായത്തും ഉള്‍പ്പെടുന്നതാണ് പുതുപ്പള്ളി നിയമസഭ മണ്ഡലം. 2018ലെ പുനര്‍നിര്‍ണയത്തിന് മുമ്പ് അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മീനടം, പാമ്പാടി, പുതുപ്പള്ളി, പള്ളിക്കത്തോട്, പനച്ചിക്കാട് പഞ്ചായത്തുകളായിരുന്നു ഉണ്ടായിരുന്നത്. 1,75,959 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 86,042 പേര്‍ പുരുഷന്മാരും 89,914 പേര്‍ സ്ത്രീകളും മൂന്ന് പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.
മണ്ഡല രാഷ്ട്രീയം
1970 മുതല്‍ തുടര്‍ച്ചയായി 11 തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ചാണ്ടിയെ മാത്രം തുണച്ച മണ്ഡലം. 64 വര്‍ഷത്തിനിടെ നിയമസഭയിലെത്തിയത് ഒരേയൊരു ഇടത് എംഎല്‍എ മാത്രം. 1957ലെ ആദ്യ തെരഞ്ഞെടുപ്പില്‍ പി.സി ചെറിയാനിലൂടെ കോണ്‍ഗ്രസ് ആദ്യ ജയം നേടി. 1960ലും പി.സി ചെറിയാന്‍ ജയം ആവര്‍ത്തിച്ചു. 1967ല്‍ സിപിഎമ്മിന്‍റെ ഇ.എം ജോര്‍ജ് നിയമസഭയിലെത്തി. മണ്ഡലത്തിന്‍റെ ചരിത്രത്തിലെ ഏക ഇടത് എംഎല്‍എയായി ജോര്‍ജ് മാറി.
1970 ല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ 27കാരനായ ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെ ആദ്യ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എ ഇ.എം ജോര്‍ജിനെ 7,288 വോട്ടിന് 'കുഞ്ഞൂഞ്ഞ്' പരാജയപ്പെടുത്തി. അരനൂറ്റാണ്ടിനിടെ ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ഇത് തന്നെ. 1977 ല്‍ ഭാരതീയ ലോക് ദള്‍ സ്ഥാനാര്‍ഥി പി.സി ചെറിയാനെതിരെ ഉമ്മന്‍ചാണ്ടി വിജയം ആവര്‍ത്തിച്ചു.
1980ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(യു) സ്ഥാനാര്‍ഥിയായാണ് ഉമ്മന്‍ചാണ്ടി മത്സരിച്ചത്. സ്വതന്ത്രനായ എം.ആര്‍.ജി പണിക്കര്‍ക്കെതിരെ 13,659 വോട്ടിനായിരുന്നു ഇത്തവണത്തെ ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി.കെ മണിക്ക് നേടാനായത് വെറും 449 വോട്ട് മാത്രം. 1982ല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി തോമസ് രാജനായിരുന്നു എതിരാളി. 57.88% വോട്ടും 15,983 ന്‍റെ ഭൂരിപക്ഷവും നേടി ഉമ്മന്‍ചാണ്ടി വിജയം തുടര്‍ന്നു.
1987ല്‍ സിപിഎമ്മിന്‍റെ വി.എന്‍ വാസവനെ ഉമ്മന്‍ചാണ്ടി തോല്‍പ്പിച്ചു. എന്നാല്‍ 41.34% വോട്ട് നേടിയ വാസവന്‍റെ പ്രകടനം ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 9,164 ആയി കുറച്ചു. ആദ്യ തെരഞ്ഞെടുപ്പിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 10,000 ല്‍ താഴെയെത്തിയ ഒരേയൊരു തെരഞ്ഞെടുപ്പായിരുന്നു 1987ല്‍ നടന്നത്. രണ്ടാമങ്കത്തിന് വി.എന്‍ വാസവന്‍ എത്തിയെങ്കിലും ഉമ്മന്‍ചാണ്ടി പഴയപ്രതാപത്തിലേക്ക് മടങ്ങിവന്നു. 13,811 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തി. 1996ല്‍ റെജി സക്കറിയയും പരാജയമറിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വിജയക്കുതിപ്പ് തടയാന്‍ കിണഞ്ഞ് പരിശ്രമിച്ച സിപിഎം, കോൺഗ്രസ് വിട്ടെത്തിയ ചെറിയാന്‍ ഫിലിപ്പിനെ സ്വതന്ത്രനായി കളത്തിലിറക്കി. എന്നാല്‍ 2001ല്‍ 12,575 വോട്ടിന് ചെറിയാന്‍ ഫിലിപ്പിനെ ഉമ്മന്‍ചാണ്ടി തോല്‍പ്പിച്ചു. 2006ല്‍ എസ്.എഫ്.ഐയുടെ ദേശീയ മുഖമായിരുന്ന സിന്ധു ജോയി പുതുപ്പള്ളിയില്‍ മത്സരത്തിനെത്തി. എന്നാല്‍ ഉമ്മന്‍ചാണ്ടി ഭൂരിപക്ഷം 19,863 ആയി കുത്തനെ ഉയര്‍ത്തി സീറ്റ് നിലനിര്‍ത്തി.
നിയമസഭ തെരഞ്ഞെടുപ്പ് 2011
ഇത്തവണയും ഉമ്മന്‍ചാണ്ടിക്ക് എതിരാളിയായി ഇടതുപക്ഷം വനിതയെ കളത്തിലിറക്കി. ഉമ്മന്‍ചാണ്ടിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താതെ സുജ സൂസന്‍ ജോര്‍ജ് തോറ്റു. 33,255 വോട്ടിന്‍റെ അതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ജയം. യുഡിഎഫ് 59.74% വോട്ട് നേടിയപ്പോള്‍ ഇടതുപക്ഷത്തിന് ലഭിച്ചത് 31.33% വോട്ടാണ്. ബിജെപി സ്ഥാനാര്‍ഥി പി സുനില്‍കുമാറിന് 6,679 വോട്ട് മാത്രമാണ് നേടാനായത്.
നിയമസഭ തെരഞ്ഞെടുപ്പ് 2016
സംസ്ഥാനത്തെ ഇടതുതരംഗം പുതുപ്പള്ളിക്ക് ഉമ്മന്‍ചാണ്ടിയോടുള്ള അടുപ്പത്തെ ബാധിച്ചില്ല. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് ജെയ്ക്ക് സി തോമസിനെ ഉമ്മന്‍ചാണ്ടി തോല്‍പ്പിച്ചു. 27,092 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. ഉമ്മന്‍ചാണ്ടി 53.42% വോട്ടും ജെയ്ക്ക് 33.2% ഉം നേടി. ഒരു എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വോട്ട് വിഹിതം ആദ്യമായി 10% കടന്നതും ഈ തെരഞ്ഞെടുപ്പില്‍ തന്നെ. അഡ്വ ജോര്‍ജ് കുര്യന്‍ 15,993 നേടിയാണ് എന്‍ഡിഎയുടെ പ്രകടനം മെച്ചപ്പെടുത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് 2020
യുഡിഎഫ് കോട്ടകളില്‍ ഉള്‍പ്പെടെ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയ തെരഞ്ഞെടുപ്പ്. കാല്‍നൂറ്റാണ്ടിന് ശേഷം ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയില്‍ ഭരണം തിരിച്ചുപിടിച്ച് എല്‍ഡിഎഫ് ഞെട്ടിച്ചു. ഉമ്മന്‍ചാണ്ടി തന്നെ മേല്‍നോട്ടം വഹിച്ച തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡില്‍ പോലും യുഡിഎഫ് പിന്നിലായി. എട്ടില്‍ ആറ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം നേടി. അകലക്കുന്നം, മണര്‍കാട്, പാമ്പാടി, വാകത്താനം, കൂരോപ്പട, പുതുപ്പള്ളി പഞ്ചായത്തുകളാണ് ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടത്. അയര്‍ക്കുന്നവും മീനടവും മാത്രമാണ് യുഡിഎഫിന് നേടാനായത്. ഇത്തവണ വീണ്ടും മത്സരത്തിനൊരുങ്ങുമ്പോൾ ഉമ്മൻചാണ്ടി ജയിച്ച് തിരുവനന്തപുരത്തേക്ക് പോകുമോ എന്ന് മാത്രമാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.