കോട്ടയം : കേരളാ കോൺഗ്രസിലെ അധികാര തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജോസഫ് വിഭാഗവും, ജോസ് വിഭാഗവും കോട്ടയത്ത് യോഗം ചേര്‍ന്നു. പി.ജെ ജോസഫ് അടിയന്തര നേതൃയോഗം വിളിച്ച് ചേർത്തപ്പോൾ, ജോസ് കെ. മാണി സ്‌റ്റിയറിങ് കമ്മറ്റിയും, ഹൈപ്പർ കമ്മിറ്റിയും വിളിച്ചു ചേർത്തു.
നേതൃയോഗത്തിൽ ജോസ് കെ. മാണിയെ കടന്നാക്രമിച്ച പി.ജെ ജോസഫ്, പാർട്ടി ഭരണഘടന മനസിലാക്കി പ്രവർത്തിക്കാത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളാണ് ജോസ്. കെ മാണി പക്ഷത്തിനെന്ന് ആരോപിച്ചു. ജോസ് കെ. മാണിയെ ചെയർമാനാക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നടന്ന വോട്ടെടുപ്പില്‍ ക്രമക്കേടുണ്ടെന്നും ജോസഫ് ആരോപിച്ചു. പങ്കെടുക്കാത്ത ആളുകളുടെ കള്ള ഒപ്പിട്ടാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ഇതിനെതിരെ നല്‍കിയ ക്രിമിനല്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.