കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണിപ്രവേശമുണ്ടാകുമെന്ന പ്രഖ്യാപനവുമായി പി.സി ജോർജ് എംഎല്‍എ വീണ്ടും രംഗത്ത്. കേരളത്തിലെ വിമതരായ സംഘടനകളെ യോജിപ്പിച്ച് നാലാം മുന്നണി എന്നതായിരുന്നു പി.സി ജോർജിന്‍റെ മുൻ പ്രഖ്യാപനം. ഇതിൽ നിന്നും വ്യതിചലിച്ചാണ് നിലവിലുള്ള മുന്നണികളിലൊന്നിലേക്ക് ചേരുമെന്ന പിസി ജോര്‍ജിന്‍റെ പ്രഖ്യാപനം.
ബിജെപി വിട്ട ശേഷം സ്വതന്ത്ര നിലപാട് തുടരുന്ന കേരള ജനപക്ഷ മുന്നണിയും പി.സി ജോർജും ലക്ഷ്യം വയ്ക്കുന്നത് യു.ഡി.എഫ് ആണെന്നാണ് വിലയിരുത്തല്‍. മുന്നണി വിട്ട ജോസ് കെ മാണിയുടെ അഭാവത്തിൽ കോട്ടയത്ത് പുതിയ ഒരു സീറ്റുകൂടിയാണ് പി.സി ജോർജ് ലക്ഷ്യമിടുന്നത്. കാഞ്ഞിരപ്പള്ളി സീറ്റാണ് ജോർജ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് സൂചന. കോട്ടയത്ത് ഏത് മണ്ഡലത്തിൽ നിന്നാലും താൻ വിജയിക്കുമെന്നാണ് പി.സി. ജോർജിന്‍റെ പക്ഷം. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചർച്ചകൾ നടന്നിട്ടുണ്ടന്നും, ഔദ്യോഗിക ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കുന്നു. കേന്ദ്ര സർക്കാരിന്‍റെ കർഷകരെ പ്രതിസന്ധിയിലാക്കുന്ന കാർഷിക ബില്ലുകൾക്കെതിരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സെപ്‌റ്റംബർ 25ന് പ്രതിഷേധ ധർണ നടത്താനും കോട്ടയത്ത് ചേർന്ന കേരളാ ജനപക്ഷ മുന്നണി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.