കോട്ടയം: പാലായില്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ വെച്ചായിരുന്നു വിതരണം നടന്നത്. 176 ബൂത്തുകളാണ് മണ്ഡലത്തില്‍ ആകെ ഉള്ളത്. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുനേരം ആറ് വരെയാണ് പോളിങ് സമയം. 1,79,107 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 87,729 പുരുഷ വോട്ടര്‍മാരും 91,378 സ്‌ത്രീ വോട്ടര്‍മാരുമാണുള്ളത്.
എല്ലാ പോളിങ് ബൂത്തുകളിലും വി.വി.പാറ്റ് മെഷീനുകളാണ് ഉപയോഗിക്കുന്നത് കൂടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുതുതായി അനുവദിച്ച എം-3 വോട്ടിങ് മെഷീനും ബൂത്തുകളില്‍ ഉപയോഗിക്കും. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്ക് അവസാനഘട്ട പരിശീലനവും ജില്ലാ ഭരണകൂടം നല്‍കി. ഫസ്റ്റ് ലെവല്‍ ചെക്കിങ് നടത്തിയ അഞ്ച് ശതമാനം മെഷീനുകളില്‍ 1000 വോട്ട് വീതം മോക്ക് പോള്‍ പൂര്‍ത്തിയാക്കി. ഫോട്ടോ പതിച്ച ബാലറ്റാണ് വോട്ടിങ് മെഷീനില്‍ ഉപയോഗിച്ചിട്ടുള്ളത്. കേന്ദ്രസേനയും പൊലീസും ഉള്‍പ്പടെ 700 സേനാംഗങ്ങളെ മണ്ഡലത്തില്‍ നിയോഗിച്ചിട്ടുണ്ട്. നാളെ രാവിലെ ആറ് മണിക്ക് തെരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ മോക്ക് പോള്‍ ആരംഭിക്കും. പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഉറപ്പ് വരുത്തിയിട്ടുണ്ട്.