കോട്ടയം: രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന അവകാശവാദവുമായി ഇടത്- വലത് സ്ഥാനാര്‍ഥികള്‍. പാലാ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ഇരു സ്ഥാനാർഥികളും വോട്ടും പിന്തുണയും അഭ്യര്‍ഥിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നാളെ വൈകുന്നേരം പാലായില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച യു.ഡി.എഫിന്‍റെ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നടക്കും.
പാലായില്‍ യു.ഡി.എഫിന്‍റെ വിജയം സുനിശ്ചിതമാണെന്നും ഭൂരിപക്ഷത്തെ കുറിച്ച് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്നും പാലാ ബാര്‍ അസോസിയേഷന്‍ അഭിഭാഷകന്‍ കൂടിയായ അഡ്വ. ജോസ് ടോം പറഞ്ഞു. അതേസമയം ചിഹ്നത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യു.ഡി.എഫും കേരളാ കോണ്‍ഗ്രസും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അഡ്വ. ജോസ് ടോം വ്യക്തമാക്കി.
വാഹന പര്യടനത്തിലേക്ക് കടക്കും മുമ്പ് പാലാ മണ്ഡലത്തിലെ പ്രമുഖരെ നേരില്‍ കണ്ട് വോട്ടും പിന്തുണയും അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ് ഇരുസ്ഥാനാര്‍ഥികളും.
പാലായിലെ രാഷ്ട്രീയ സാഹചര്യം നിലവില്‍ എല്‍.ഡി.എഫിന് അനുകൂലമാണെന്നും കേരളാ കോണ്‍ഗ്രസ് വോട്ടുകൾ തനിക്ക് അനുകൂലമാണെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പാലായില്‍ കെ.എം. മാണി നടപ്പാക്കിയ വികസനങ്ങളുടെ തുര്‍ച്ചയായാണ് വോട്ടര്‍മാര്‍ക്കുള്ള തന്‍റെ വാഗ്‌ദാനമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോം കൂട്ടി ചേര്‍ത്തു.