കോട്ടയം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മെയ് മൂന്നുവരെ ജില്ലയിൽ കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഈ ദിവസങ്ങളിൽ അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. ഉദയനാപുരം, മറവൻ തുരുത്ത് പഞ്ചായത്തുകളിലെ ചില പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി.
രോഗാവ്യാപന തോത് കണക്കാക്കാൻ ജില്ലയിൽ റാൻഡം പരിശോധന നടത്തും. ആദ്യഘട്ടത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി 200 സാമ്പിളുകൾ പരിശോധിക്കും. പി.പി.പി കിറ്റുകളുടെ കുറവ് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ സാമൂഹ്യ വ്യാപന ഭീതിയില്ലെന്നും നിയന്ത്രണങ്ങൾ കർശനമായി പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്തെ രണ്ട് കൊവിഡ് ബാധിതര്‍ക്ക് രോഗം പിടിപെട്ടത് എങ്ങനെയെന്ന് ഇനിയും വ്യക്തമല്ല. അതേസമയം രോഗബാധിതനായ ചുമട്ടുതൊഴിലാളിയുടെ ഭാര്യയും മക്കളുമുൾപ്പെടെ ഏഴു പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നത് ആശ്വാസമായി. കോട്ടയത്ത് നടന്ന അടിയന്തര യോഗത്തിൽ എം.പിമാരായ ജോസ് കെ മാണി, തോമസ് ചാഴിക്കാടൻ, എം.എൽ.എ മാരായ തിരുവഞ്ചൂർ രാധകൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.