കോട്ടയം : ദക്ഷിണ മൂകാംബികയെന്നറിയപ്പെടുന്ന കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കം. ഒക്‌ടോബർ അഞ്ച് വരെയാണ് നവരാത്രി മഹോത്സവം. വാഗ്ദേവതയായ സരസ്വതിയുടെ സന്നിധിയിൽ ഭക്തരും കലോപാസകരും എത്തിച്ചേരും.
ഒക്‌ടോബർ നാലിനാണ് മഹാനവമി ദർശനം. അഞ്ചിന് വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ 4 മണിക്ക് പൂജയെടുപ്പോടെ വിദ്യാരംഭത്തിന് തുടക്കമാകും. നൂറുകണക്കിന് കുരുന്നുകൾ അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്ര സന്നിധിയിലെത്തും. നവരാത്രി മഹോത്സവത്തിന്‍റെ ഭാഗമായി ദേശീയ സംഗീത നൃത്തോത്സവവും കലാമണ്ഡപത്തിൽ രാപ്പകൽ ഭേദമന്യേ വിവിധ കലാപരിപാടികളും നടക്കും.
ക്ഷേത്രത്തിലെ നവരാത്രി കലാപരിപാടികൾ കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഹരികുമാർ ചങ്ങമ്പുഴയും ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു. ദേശീയ സംഗീത നൃത്തോത്സവത്തിന്‍റെ ഉദ്‌ഘാടനം തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എംഎൽഎ നിർവഹിച്ചു.