കോട്ടയം : കാലവര്‍ഷ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ശേഷിക്കുന്ന തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജനപ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഈ മാസം 31ന് കേരളത്തില്‍ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കിയുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍, അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങൾക്കുള്ള സംവിധാനങ്ങള്‍, 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം സേവനം തുടങ്ങി 2020 ലെ ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള ക്രമീകരണങ്ങള്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിരോധത്തിന് മുൻഗണന
അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം. നിലവില്‍ കൊവിഡ് പരിചരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍, വെള്ളക്കെട്ട് ഉണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങളിലെ ക്യാമ്പുകള്‍ എന്നിവയ്ക്ക് പകരം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിന് പുതിയ സൗകര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ക്യാമ്പുകളില്‍ കൊവിഡ് പ്രതിരോധം ഉറപ്പാക്കണം. കൊവിഡ് രോഗികളെയും ക്വാറന്‍റൈനിലുള്ളവരെയും ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ പാഡി ഓഫിസര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി.
also read: മഴക്കെടുതിയിൽ കോട്ടയത്തെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശം
നടപടികള്‍ വിശദീകരിച്ച് അധികൃതർ
ദുരന്ത നിവാരണ അതോറിറ്റിയുടെയും വകുപ്പുകളുടെയും അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ജനപ്രതിനിധികള്‍ അവതരിപ്പിച്ചു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച തയ്യാറെടുപ്പുകള്‍ ജില്ല കലക്ടര്‍ എം. അഞ്ജനയും വകുപ്പ് മേധാവികളും വിശദീകരിച്ചു. വൈക്കം കെ.വി. കനാലിന്‍റെ അരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കുന്നതിനുവേണ്ടി പൊതുമരാമത്ത് റോഡ് വിഭാഗം, ജലസേചന വകുപ്പ്, തഹസില്‍ദാര്‍, താലൂക്ക് സര്‍വേയര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു. തടയിണകള്‍ വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ടെങ്കില്‍ കൃഷി, ജലസേചന വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും സംയുക്ത പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണം.
also read: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിനം അതിശക്‌തമായ മഴ
കൊവിഡ് ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഈ കേന്ദ്രങ്ങളില്‍ ജനറേറ്ററുകള്‍ ഏര്‍പ്പെടുത്തുന്ന ചുമതല ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാര്‍ക്കാണ്. ആളുകളെ മാറ്റി പാര്‍പ്പിക്കുമ്പോള്‍ വീടുകളിലെ കന്നുകാലികളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ മൃഗസംരക്ഷണ വകുപ്പും ക്ഷീര വികസന വകുപ്പും ശ്രദ്ധിക്കണമെന്നും യോഗം നിര്‍ദേശിച്ചു. നിയുക്ത എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, സി.കെ. ആശ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, കലക്ടര്‍ എം. അഞ്ജന, എ.ഡി.എം ആശ സി ഏബ്രഹാം, വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.