കോട്ടയം: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയ മാസ്റ്റർ ആദിത്യനെ മന്ത്രി വി.എൻ വാസവൻ അനുമോദിച്ചു. രാവിലെ കുമരകം പൊങ്ങലക്കരിയിൽ എത്തിയ മന്ത്രി ആദിത്യന് പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ആദിത്യന്‍റെ കുടുംബ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
ജയരാജ് സംവിധാനം ചെയ്‌ത 'നിറയെ തത്തകളുള്ള മരം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദിത്യന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്. കുമരകം മൂലേത്ര മണിക്കുട്ടന്‍-നീതു ദമ്പതികളുടെ മൂത്ത മകനാണ് നാലാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ. ഒറ്റാൽ എന്ന സിനിമയുടെ ഷൂട്ടിങിനായി കുമരകത്തെത്തിയപ്പോഴാണ് സംവിധായകൻ ജയരാജ് ആദിത്യനെ കാണുന്നത്. ആദിത്യന്‍റെ കുടുംബത്തിന്‍റെ ബുദ്ധിമുട്ടുകള്‍ നേരില്‍ കണ്ടറിഞ്ഞ ജയരാജ് ഇവർക്ക് മൂന്നര സെന്‍റ് സ്ഥലവും വീടും വാങ്ങി നൽകിയിരുന്നു.
Read more: മികച്ച നടിയായി രേവതി, നടന്മാരായി ബിജു മേനോനും ജോജുവും ; 'ആവാസവ്യൂഹം' മികച്ച സിനിമ
പൊങ്ങലക്കരിയിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, ജില്ല പഞ്ചായത്ത് അംഗം കെ.വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഘല ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു. ആദിത്യന് വേണ്ടി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കുമരകത്ത് വിപുലമായ സ്വീകരണ പരിപാടി ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു പറഞ്ഞു.