കോട്ടയം: എംജി സര്‍വകലാശാല മാർക്ക് ദാന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. സിൻഡിക്കേറ്റ് യോഗം നടക്കുന്ന യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പരിസരത്തേക്ക് പ്രവേശിക്കാൻ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയില്ല. യോഗം പകര്‍ത്താന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞു. മാധ്യമ പ്രവർത്തകരെ അകത്തേക്ക് കടത്തിവിടെണ്ടെന്ന രജിസ്ട്രാറുടെ ഉത്തരവുള്ളതിനാലാണ് അനുവദിക്കാത്തതെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ ഒരുകാരണവശാലും കടക്കാതിരിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്‍റെ പ്രധാന കവാടം സെക്യൂരിറ്റി ജീവനക്കാർ താഴിട്ട് പൂട്ടി. പ്രധാന കവാടം താഴിട്ട് പൂട്ടിയതോടെ അകത്ത് പ്രവേശിക്കാന്‍ കഴിയാതെ സന്ദര്‍ശകരും ജീവനക്കാരും വലഞ്ഞു. മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ രജിട്രാറുമായി ചര്‍ച്ച നടത്തിയാണ് മാധ്യമപ്രവർത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചത്. സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങൾ നേരിട്ട് ചോദിച്ചറിയുന്നത് ഒഴിവാക്കാനാണ് മാധ്യമവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് സൂചന.