കോട്ടയം: കടലാസ് പൂക്കൾ ഉൾപ്പെടെ പരിസ്ഥിതി സൗഹൃദ കരകൗശല വസ്‌തുക്കളിലൂടെ വർണ്ണം വിരിയിക്കുകയാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശിനിയായ മേരിക്കുട്ടി മാത്യു. 19 വർഷം ചങ്ങനാശേരി സോഷ്യൽ സർവീസ് സൊസൈറ്റി ചാസിൽ കോർഡിനേറ്ററായിരുന്നു മേരിക്കുട്ടി. നാലു വർഷം മുമ്പാണ് വിരമിച്ചത്. തുടർന്നാണ് കരകൗശല വസ്തുക്കളുടെ നിർമ്മാണം സ്വയം പരിശീലിച്ചത്.
കലയുടെ കൗശലം വിരിയുന്നതാണ് മേരിക്കുട്ടിയുടെ വീട്. മേരിക്കുട്ടി നിർമ്മിച്ച പൂക്കൾ ഒറ്റനോട്ടത്തിൽ ചെടികളിൽ നിന്നും പറിച്ചെടുത്തവ പോലെ തോന്നും. എന്നാൽ അടുത്തെത്തിയാൽ മാത്രമാകും അവ കടലാസ് പൂക്കളാണെന്നറിയുക. പരിസ്ഥിതിക്ക് ഹാനികരമാകാതെ പ്ലാസ്റ്റിക്കും ഇവിടെ വർണഭംഗിയുള്ള പൂക്കളാകുന്നു.
ഇന്ന് മേരിക്കുട്ടിക്ക് കരകൗശലം കേവലം ഒരു നേരമ്പോക്കല്ല. വരുമാനത്തിനുള്ള മാർഗം കൂടിയാണ്. കടലാസും പ്ലാസ്റ്റിക്കും മാത്രമല്ല ഉണങ്ങിയ പീച്ചിക്ക, കാട്ടുപൂക്കൾ, അടയ്ക്ക തോട്, ചിരട്ട, ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി തുടങ്ങി പാഴ് വസ്തുക്കൾ എല്ലാം മേരിക്കുട്ടിയുടെ കൈകളിലൂടെ ഭംഗിയുള്ള വസ്തുക്കളാകും.
വിവാഹം, ഗൃഹ പ്രവേശം തുടങ്ങിയ ആഘോഷ വേളകളിൽ വീടുകൾ അലങ്കരിക്കാൻ കടലാസ് പൂക്കൾ ഉൾപ്പെടയുള്ള കരകൗശല വസ്തുക്കൾ വാങ്ങാൻ ആളുകൾ മേരിക്കുട്ടിയെ തേടി എത്താറുണ്ട്. പള്ളികളുടെ അൾത്താരകൾ അലങ്കരിക്കാനും മേരിക്കുട്ടി കടലാസ് പൂക്കൾ നിർമ്മിച്ചു നൽകാറുണ്ട്.
ഒപ്പം സ്‌കൂളുകൾ, കോളജുകൾ, കുടുംബശ്രീ അയൽക്കൂട്ടം യൂണിറ്റുകൾ, ഇടവക കൂട്ടായ്‌മകൾ എന്നിവിടങ്ങളിൽ കരകൗശല വസ്തുക്കളുടെ പരിശീലനവും നൽകാറുണ്ട്. ഭർത്താവ് സണ്ണിച്ചന്‍റെയും മക്കളുടയും അയൽവാസികളുടെയും സുഹൃത്തുക്കളുടെയും പിന്തുണ മേരിക്കുട്ടിക്ക് വേണ്ടുവോളമുണ്ട്.
ചെടികളും മേരിക്കുട്ടിക്ക് ഏറെ പ്രിയങ്കരമാണ്. വീട്ടുമുറ്റത്ത് വൈവിധ്യമാർന്ന ഒട്ടേറെ ചെടികളുണ്ട്. മിക്കതും പൂവിട്ടു നിൽക്കുന്നു. എന്നാൽ അവയേക്കാൾ മനോഹരങ്ങളാണ് ഈ 63 കാരിയുടെ കരവിരുതിൽ വിരിഞ്ഞ കടലാസ് പൂക്കളെന്ന് പറയാതെ വയ്യ.