കോട്ടയം: സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസ് വിദ്യാർഥിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. കിടങ്ങൂർ സ്വദേശി വിഷ്‌ണു രാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
2021 നവംബറിലാണ് കേസിനാസ്‌പദമായ സംഭവം. പെൺകുട്ടിയുടെ കുടുംബവുമായുള്ള പരിചയം മുതലെടുത്ത പ്രതി, സ്‌കൂളിൽ നിന്നും മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടി അസ്വാഭാവികമായ രീതിയിൽ പെരുമാറുകയും പഠനത്തിൽ പിന്നോക്കം പോകുകയും ചെയ്‌തു. ഇതേ തുടർന്ന് സ്‌കൂളിലെ അധ്യാപകർ പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു.
പീഡനവിവരം അധ്യാപകർ ചൈൽഡ് ലൈനിനെ അറിയിക്കുകയും തുടര്‍ന്ന് കിടങ്ങൂർ പൊലീസ് കേസെടുക്കുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: ബോംബെറിഞ്ഞത് കൊല്ലപ്പെട്ടയാളുടെ സംഘാംഗം ; ജിഷ്‌ണുവിന്‍റെ സുഹൃത്തുക്കള്‍ പിടിയില്‍