കോട്ടയം: 19 വയസുകാരൻ ഷാൻ ബാബുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 17 പേർ കസ്റ്റഡിയിൽ. ഓട്ടോ ഡ്രൈവർ പാമ്പാടി സ്വദേശി ബിനു അടക്കം 17 പേരാണ് കസ്റ്റഡിയിലുള്ളത്. 5 പേര്‍ക്ക് കേസിൽ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് പൊലീസ് പറയുന്നു.
അതേസമയം ഷാനിന് എല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദനമാണെന്ന് പൊലീസ് പറഞ്ഞു. പലവട്ടം തുടർച്ചയായി തലക്ക് അടിയേറ്റതാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. മര്‍ദനമേറ്റതിന്‍റെ 38 പാടുകള്‍ ശരീരത്തിലുണ്ട്.
കാപ്പിവടി കൊണ്ടാണ് ഷാനെ ആക്രമിച്ചതെന്ന് കേസിലെ മുഖ്യപ്രതിയായ ജോമോന്‍ പൊലീസിനോട് പറഞ്ഞു. ഷാനെ വിവസ്ത്രനാക്കി മൂന്ന് മണിക്കൂറോളം മര്‍ദിച്ചു. കണ്ണില്‍ വിരലുകള്‍ കൊണ്ട് കുത്തിയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം കൊലയ്ക്ക് വഴിയൊരുക്കിയത് സമൂഹ മാധ്യമത്തിൽ വന്ന ചിത്രമാണോയെന്ന സംശയമാണ് ഇപ്പോള്‍ പൊലീസിനുളളത്. സൂര്യൻ എന്ന് വിളിക്കുന്ന ശരത് പി രാജിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഷാനിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
also read: വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റം; കൂടുതൽ സമയം തേടി കേന്ദ്രം
കഴിഞ്ഞ ആഴ്ച ഷാനും സുഹൃത്തുക്കളും കൊടൈക്കനാലിൽ വിനോദയാത്രതിന്‍റെ ചിത്രമാണ് ശരത് പങ്കുവച്ചിരുന്നത്. തനിക്കെതിരെ കാപ്പ ചുമത്തിയതിന് പിന്നിൽ ശരത്തിന് പങ്കുണ്ടെന്ന് ജോമോൻ കരുതിയിരുന്നു. ഇതിന്‍റെ പകവീട്ടാന്‍ ശരത്തിനെ കണ്ടെത്തുന്നതിനായാണ്, വിനോദയാത്രയ്ക്ക് ഒരുമിച്ച് പോയ ഷാനിനെ ജോമോന്‍ കടത്തിക്കൊണ്ട് പോയതെന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം ഈ ചിത്രത്തിന്‍റെ പേരില്‍ തന്നെയാണ് ഷാനിനെ പ്രതി ജോമോൻ തട്ടിക്കൊണ്ടുപോയെന്ന് സഹോദരി ഷാരോൺ പറയുന്നു.