കോട്ടയം: റിപ്പബ്ലിക് ദിന പരേഡിൽ ശ്രീനാരായണ ഗുരുവിന്‍റെ ഫ്ലോട്ടിന് അനുമതി ലഭിച്ചില്ല എന്നത് വേദനിപ്പിക്കുന്ന ഘടകമാണെന്ന് മന്ത്രി വിഎൻ വാസവൻ. നേതാജിയുടെ ഫ്ലോട്ട് അവതരിപ്പിക്കാൻ ബംഗാളിനും അനുമതി ലഭിച്ചില്ലെന്നും സംസ്ഥാനങ്ങൾക്ക് അർഹമായ പരിഗണന കിട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ദേശീയ പതാകയുയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തിന്‍റെ ബഹുസ്വരതയുടെ സംസ്‌ക്കാരവും മതനിരപേക്ഷതയുടെ പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ ഭരണഘടനയെ നെഞ്ചോടു ചേർത്തു നിർത്തണം. അസമത്വം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ എല്ലാവരും അണിചേരണം. അസമത്വം മാറിയാലേ പരമാധികാര ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയം പൂർണമായി പ്രാവർത്തികമാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തെ കൂട്ടായ്‌മയിലൂടെ നേരിടണം. ജനങ്ങൾ ഒന്നിച്ചു നിന്ന് പ്രതിസന്ധികളെ നേരിട്ട മാതൃകാപരമായ ചരിത്രം കേരളത്തിനുണ്ട്. കൊവിഡ് ബാധിതർക്ക് എല്ലാ സഹായവും നൽകി മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടണമെന്നും വാസവൻ പറഞ്ഞു. ദേശീയ പതാകയുയർത്തിയ ശേഷം മന്ത്രി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് പരേഡ് പരിശോധിച്ചു.
ALSO READ: 'മതത്തിൻ്റെ പേരിൽ പ്രശ്‌നങ്ങളെ സമീപിക്കുന്നത് ശരിയല്ല'; കോഴിക്കോട് പതാകയുയര്‍ത്തി മന്ത്രി റിയാസ്
ജില്ലാ കലക്‌ടർ ഡോ. പി.കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. തോമസ് ചാഴികാടൻ എം.പി, നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റി.എസ് ശരത്ത്, നഗരസഭാംഗം റീബാ വർക്കി, സബ് കലക്‌ടർ രാജീവ് കുമാർ ചൗധരി എന്നിവർ പങ്കെടുത്തു.