കോട്ടയം: ഗുണ്ട നേതാവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിവൈഎസ്‌പി ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശിപാർശ. കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ട നേതാവ് അരുണ്‍ ഗോപനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ ചങ്ങനാശ്ശേരി ഡിവൈഎസ്‌പി, മറ്റ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്‌തിരിക്കുന്നത്. ഐജി പി പ്രകാശാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അരുണ്‍ ഗോപനില്‍ നിന്ന് ഇവർ മാസപിരിവ് വാങ്ങിയിരുന്നുവെന്നും പോലീസ് നീക്കങ്ങൾ ചോർത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഒരു മാസം മുൻപ് ഹണി ട്രാപ്പ് കേസിൽ അരുൺ ഗോപൻ അറസ്റ്റിലായപ്പോൾ സ്റ്റേഷനിലെത്തി ഡിവൈഎസ്‌പി തന്‍റെ പേര് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം എസ്‌പിക്ക് റിപ്പോര്‍ട്ട് ചെയ്‌തു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐജി അന്വേഷണം നടത്തി നടപടിക്ക് ശിപാർശ ചെയ്യുകയായിരുന്നു.