കോട്ടയം : വാകത്താനം സ്വദേശിനിയുടെ ഫോണ്‍ നമ്പര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതില്‍ അറസ്റ്റിലായ അഞ്ച് പ്രതികളിൽ ഒരാൾ നിരപരാധിയാണെന്ന് പരാതിക്കാരി. കേസിൽ അടിയന്തര നടപടിക്ക് മുഖ്യമന്ത്രി ഉത്തരവിട്ടതിൻ പ്രകാരം അഞ്ച് പ്രതികളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്.
കുടുംബ സുഹൃത്തും അധ്യാപകനുമായ കെ.കെ ഷാജിയെയും പൊലീസ് അറസ്റ്റ് ചെയ്‌തെന്നും ഇയാൾ കുറ്റക്കാരനല്ലെന്നും പരാതിക്കാരി പറഞ്ഞു. ഈ ഷാജി തനിക്ക് പിന്തുണ നൽകിയവരിൽ ഒരാളാണ്. ഷാജി നിരപരാധിയാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശം, തന്‍റെ ഫോണില്‍ നിന്ന് പൊലീസ് നീക്കം ചെയ്‌തെന്നും പരാതിക്കാരി ആരോപിച്ചു.
READ MORE: വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി
ഷാജിയുടെ വാഹനം ഓടിക്കാൻ വന്നയാളും ഇപ്പോൾ അറസ്റ്റിലായ രതീഷ് എന്ന വ്യക്തിയും വണ്ടിയിലുണ്ടായിരുന്ന ഡയറിയിൽ നിന്നാണ് പരാതിക്കാരിയുടെ മൊബൈൽ നമ്പർ കിട്ടിയെന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേസിൽ വ്യക്തമായ തെളിവിന്‍റെ അടിസ്ഥാനത്തിലാണ് ഷാജിയെ അറസ്റ്റ് ചെയ്‌തതെന്നും ഷാജിയുടെ മറ്റ് ബന്ധങ്ങൾ വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.