കോട്ടയം: കോട്ടയം പാക്കില്‍ പള്ളിയിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. പാക്കില്‍ സെന്‍റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളിയിലാണ് മോഷണം നടന്നത്. പള്ളിയ്ക്കുള്ളിലെ ഭണ്ഡാരം തകർത്ത മോഷ്ടാവ് അതിനുള്ളിലെ പണം മുഴുവൻ അപഹരിച്ചു.
പള്ളിയിലെ മൂന്ന് ക്യാമറകൾ കേടുവരുത്തിയ മോഷ്ടാവ് പള്ളിയുടെ തെക്കുവശത്തെ വാതിലിന്‍റെ പൂട്ട് തകർത്താണ് അകത്ത് പ്രവേശിച്ചത്. ഇന്നലെ അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. ഇന്നലെ വൈകുന്നേരം 8 മണി വരെ പള്ളി ഓഫിസിൽ ആളുകളുണ്ടായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ പള്ളി പരിസരത്തെ ലൈറ്റുകൾ കെടുത്തുവാൻ എത്തിയ മാനേജിങ് കമ്മറ്റി അംഗമാണ് ഭണ്ഡാരം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പള്ളി വികാരിയും മാനേജിംഗ് കമ്മറ്റി അംഗങ്ങളും സംഭവ സ്ഥലത്തെത്തി. തുടര്‍ന്ന് ചിങ്ങവനം പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പള്ളിയിലെത്തി തെളിവെടുപ്പ് നടത്തി. പള്ളിയുടെ ഗേറ്റുകൾ പൂട്ടിയിരുന്നതിനാൽ മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചതെന്നാണ് സൂചന.