കോട്ടയം: ഒട്ടേറേ കായിക താരങ്ങളെ വളർത്തിയെടുത്ത കോട്ടയം നെഹ്റു സ്റ്റേഡിയം അവഗണനയിൽ. സ്റ്റേഡിയത്തിലെ ട്രാക്കും ഔട്ട് ഫീൽഡും കാട് കയറി മൂടി. സ്റ്റേഡിയത്തിലെ സോളാർ ലൈറ്റുകൾ നശിപ്പിക്കപ്പെട്ടു. സാമൂഹ്യ വിരുദ്ധരുടെ താവളമായി സ്റ്റേഡിയം മാറിയിട്ടും ഇതിന് തടയിടാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
സ്റ്റേഡിയത്തിന്‍റെ ഗ്യാലറി ഇടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. കൂടാതെ കാടുപിടിച്ച സ്‌റ്റേഡിയവും മെയിൽ ഗാലറിയും സാമൂഹ്യ വിരുദ്ധർ കൈയടക്കിയിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും ഒട്ടേറെപേർ വ്യായാമത്തിനായി ഇവിടെ എത്താറുണ്ടായിരുന്നു. എന്നാൽ മൈതാനത്ത് പുല്ല് വളർന്ന് വനമായി മാറിയത് മൂലം ഇഴജന്തുക്കളെ പേടിച്ച് പലരും ഇവിടെത്തെ നടത്തം വേണ്ടെന്നു വെച്ചു.
ക്രിക്കറ്റ് നെറ്റ് പ്രാക്‌ടീസ് നടത്തുന്നിടവും കാടുകയറി കാഴ്‌ച ബംഗ്ലാവ് പോലെയായി. വൈകുന്നേരങ്ങളിൽ കളിക്കാനായി എത്തിക്കൊണ്ടിരുന്നവരും സ്റ്റേഡിയത്തിൽ ഇപ്പോൾ എത്താൻ മടിക്കുന്നു. കഞ്ചാവിനും മദ്യത്തിനും മറ്റു മയക്കു മരുന്നുകൾക്കും അടിമയായവരുടെ താവളമായി സ്‌റ്റേഡിയവും പരിസരവും മാറി.
സ്റ്റേഡിയം നവികരണത്തിന് യുഡിഎഫ് ഭരണകാലത്ത് ആദ്യം ഒരു കോടി രൂപയും പിന്നീട് ഒന്നേകാൽ കോടി രൂപയും വകയിരുത്തിയിരുന്നു. എന്നാൽ പദ്ധതി നടപ്പായില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ സ്‌പോർട്‌സ് കൗണ്‍സിലിന്‍റെയും ഫുട്‌ബോൾ അസോസിയേഷന്‍റെയും ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഒരു അംഗൻ വാടിയും സ്റ്റേഡിയത്തിലെ കെട്ടിടത്തിലുണ്ട്.
അത്യാധുനിക സൗകര്യമുള്ള പുതിയ സ്റ്റേഡിയം ഇവിടെ വേണമെന്ന കായിക താരങ്ങളുടെയും കായിക പ്രേമികളുടെയും ആവശ്യം നിറവേറ്റാൻ ഭരണാധികാരികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒട്ടേറേ കായിക പ്രതിഭകളെ വളർത്തിയ സ്റ്റേഡിയത്തോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നാണ് കായിക താരങ്ങളുടെയും കായികപ്രേമികളുടെയും അഭ്യർഥന.