കോട്ടയം : ഏറ്റുമാനൂരിലെ കടയില്‍ നിന്ന് ആധുനിക മൊബൈൽ ഫോണുകൾ മോഷ്‌ടിച്ച് കടന്ന ഇതര സംസ്ഥാന തൊഴിലാളിയെ അസമിൽ നിന്ന് പൊലീസ് പിടികൂടി. കഴിഞ്ഞ 12ന് രാത്രി ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റേഷന് സമീപത്തെ എസ് ഡിജിറ്റൽ സ്പോർട്‌സിൽ നിന്നും അഞ്ച് ലക്ഷം രൂപ വിലപിടിപ്പുള്ള 16 ഫോണുകൾ പ്രതി അഷ്‌കർ മോഷ്‌ടിച്ച് കടന്നുകളയുകയായിരുന്നു.
ഷോറൂമിന്‍റെ മുൻവശത്തെയും പുറകുവശത്തെയും ഷട്ടറുകൾ തകർത്തായിരുന്നു മോഷണം. ഷോറൂമിന്‍റെ കട്ടികൂടിയ ഗ്ലാസ് ചില്ലുവാതിൽ തകർത്ത നിലയിലായിരുന്നു. മോഷ്‌ടിച്ച ഫോണുകളിൽ ഒരെണ്ണം പ്രതി ഉപയോഗിച്ച് തുടങ്ങിയതോടെയാണ് കേസിൽ അന്വേഷണം ഊർജിതമായത്.
തുടർന്ന് ഏറ്റുമാനൂർ പൊലീസ് സബ് ഇൻസ്പെക്‌ടർ ഇ എസ് റനീഷിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം ഗുവാഹത്തിയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. അസം പൊലീസിന്‍റെ സഹായവും കേരള പൊലീസ് ഉപയോഗപ്പെടുത്തിയിരുന്നു.
പ്രതിയെ അവിടുത്തെ കോടതിയിൽ ഹാജരാക്കിയ ശേഷം ഏറ്റുമാനൂരിൽ തെളിവെടുപ്പിന് എത്തിച്ചു. മോഷ്‌ടിക്കപ്പെട്ട ഫോണുകൾ പ്രതിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമാനൂർ എസ് എച്ച് ഒ രാജേഷിന്‍റെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ എസ് എസ് ഡിജിറ്റൽ ഷോറൂമിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.