കോട്ടയം: ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന വീട്ടിൽ കയറി വീട്ടുപകരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാള്‍ പിടിയില്‍. എരുമേലി കരിനിലം സ്വദേശി മൂർത്തി ചിന്നസ്വാമിയാണ് (38) അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മുണ്ടക്കയം വൈഎംസിഎ ഭാഗത്തെ വീട്ടിലാണ് മോഷണം നടന്നത്.
ആക്രി സാധനങ്ങള്‍ പെറുക്കാനെന്ന വ്യാജേന പൂട്ടിയിട്ടിരുന്ന വീട്ടിൽ കയറിയ ചിന്നസ്വാമി വീട്ടുപകരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന അലുമിനിയം പാത്രങ്ങൾ, ഓട്ടുരുളി, ഇന്റാലിയം ഉരുളി, ഓട്ടുവിളക്ക്, ജീപ്പിന്റെ ക്യാരിയർ, ഇരുമ്പ് സ്റ്റാൻഡ് എന്നിവയാണ് മോഷണം പോയത്.
വീട്ടുകാർ ബന്ധുവീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് എരുമേലിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.
മോഷ്ടിച്ച് വില്പന നടത്തിയ സാധനങ്ങള്‍ പൊലീസ് ആക്രി കടയിൽ നിന്നും കണ്ടെടുത്തു. പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ ഇയാള്‍ക്കെതിരെ മോഷണ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.