കോട്ടയം: എംസി റോഡിലെ കോടിമത നാലുവരി പാതയുടെ ഡിവൈഡറിൽ വളർന്ന് നിൽക്കുന്ന കാട് അപകടങ്ങൾക്കിടയാക്കുന്നു. പാതയുടെ മധ്യഭാഗത്ത് ചെടികളും പുല്ലുകളും രണ്ടാൾപ്പൊക്കത്തിലാണ് വളർന്ന് നിൽക്കുന്നത്. നാലു വരിപാതയുടെ മധ്യഭാഗത്ത് നിന്ന് യൂടേൺ എടുത്തു വരുന്ന വാഹനങ്ങൾക്ക് മറുഭാഗത്ത് കൂടി വരുന്ന വാഹനങ്ങളെ കാണാനാകാത്ത വിധം കാട് ഉയർന്നു നിൽക്കുന്നു.
2012ൽ പാത യഥാർഥ്യമായപ്പോൾ മുതൽ ഉണ്ടായ വിവിധ അപകടങ്ങളിൽ ഇരുപതോളം പേർ മരിച്ചിട്ടുണ്ട്. പരുക്ക് പറ്റി കിടപ്പിലായവരും ധാരാളമാണ്. ഇവിടെയുള്ള ബാർ ഹോട്ടലിൽ നിന്നിറങ്ങി വരുന്ന വാഹനങ്ങൾ റോഡ് മുറിച്ചു കടക്കുമ്പോഴും യൂടേൺ എടുക്കുമ്പോഴുമാണ് അപകടങ്ങൾ ഉണ്ടാകുന്നത്. റോഡ് സൗന്ദര്യ വത്കരണത്തിന്‍റെ ഭാഗമായി വച്ച പൂച്ചെടികൾ വളർന്ന് കാടായി മാറുകയായിരുന്നു. ഒപ്പം പുല്ലും മറ്റ് ചെറുവ്യക്ഷങ്ങളും വളർന്നു പന്തലിച്ചു.
ചെടികൾ പരിപാലിക്കാതെയിരുന്നതാണ് ഇവ വളർന്ന് കാടാകുവാൻ കാരണമായത്. ചെടികൾ വെട്ടിമാറ്റി പൂച്ചെട്ടികൾ വയ്ക്കുകയായിരിക്കും നല്ലതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമിത വേഗം മൂലവും പാതയിൽ അപകടങ്ങൾ പതിവാണ്. റോഡിൽ ഹംപുകൾ സ്ഥാപിച്ചാൽ അപകടമൊഴിവാകുമെന്ന് നാട്ടുകാര്‍ പറയുന്നു. കാട് വെട്ടി തെളിക്കുകയും റോഡിൽ ഹംപ് സ്ഥാപിക്കുകയും വേണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.