കോട്ടയം : കോട്ടയത്ത് വ്യാജവാറ്റ് നടത്തിയ ആൾ എക്സൈസിന്‍റെ പിടിയിൽ. മണർകാട് പറമ്പുകര കോളനിയിലെ പെരുമാൾ രാജൻ എന്നറിയപ്പെടുന്ന രാജനാണ് അറസ്റ്റിലായത്. പറമ്പുകര കോളനി കേന്ദ്രീകരിച്ചായിരുന്നു വാറ്റ്. എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും പാമ്പാടി എക്‌സൈസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗവും ഇന്‍റലിജൻസ് വിഭാഗം പ്രിവന്‍റീവ് ഓഫിസറുമായ ഫിലിപ്പ് തോമസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു കുപ്പി ചാരായത്തിന് രണ്ടായിരം രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്.
Also read: നെന്മാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായം പിടികൂടിയ സംഭവം; ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്
വർഷങ്ങളായി സ്ഥിരമായി വ്യാജവാറ്റ് നടത്തിവന്ന ഇയാൾ മുൻപും സമാന കേസിൽ പിടിക്കപ്പെട്ടിരുന്നു. സ്‌പിരിറ്റ് നേർപ്പിച്ച് ചാരായം ഉണ്ടാക്കി പാക്കറ്റിൽ നിറച്ച് വിൽപ്പന നടത്തിയതിനായിരുന്നു അന്നത്തെ കേസ്.
ലോക്ക്ഡൗൺ സമയത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പറമ്പുകര ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും ചാരായം നിർമിക്കുന്നതിനായി സൂക്ഷിച്ചിരുന്ന കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.