കോട്ടയം: ജില്ലയില്‍ 70 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജൻ ഉൾപ്പെടെ 70 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 40 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഏറ്റുമാനൂർ ക്ലസ്റ്ററിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിരമ്പുഴ പഞ്ചായത്തിൽ 14 പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്.
ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒമ്പത് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം, വൈക്കം മുനിസിപ്പാലിറ്റികള്‍, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളാണ് സമ്പർക്ക വ്യാപനമുള്ള മറ്റിടങ്ങൾ. ഏഴു പേര്‍ക്ക് വീതമാണ് ഇവിടങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ മൂന്നുപേർ ഇതര സംസ്ഥാനത്തുനിന്നും, മൂന്നുപേർ വിദേശരാജ്യങ്ങളിൽ നിന്നും വന്നവരാണ്. ഏറ്റുമാനൂർ ക്ലസ്റ്റർ കേന്ദ്രീകരിച്ച് രോഗവ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ വ്യാപകമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിൽ കൂടി ആന്‍റിജൻ പരിശോധന നടത്തും.
നിലവില്‍ 587 പേരാണ് ചികിത്സയിലുള്ളത്. മഴ കനത്തതോടെ കോട്ടയം മുനിസിപ്പാലിറ്റിയുടെ താഴ്ന്ന പ്രദേശങ്ങളിൽ അടക്കം ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. കൊവിഡും പ്രളയവും ഒരുമിച്ചെത്തുന്ന സാഹചര്യം കണക്കിലെടുത്ത് ക്യാമ്പുകളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. നിരീക്ഷണ പശ്ചാത്തലമുള്ള അന്തേവാസികളെ ക്യാമ്പുകളിൽ പ്രത്യേക സൗകര്യം ഒരുക്കിയാണ് പരിപാലിക്കുന്നത്.