കോട്ടയം: ജില്ലയിൽ പുതുതായി ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരായി ചികത്സയിലുള്ളവരുടെ എണ്ണം 16 ആയി. ഇതിൽ നാലു പേര്‍ വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരും ഒരാൾ ചെന്നൈയിൽ നിന്നെത്തിയ ആളുമാണ്. നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ള യുവതിയുടെ ബന്ധുവായ ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നാലുകോടി സ്വദേശിയായ യുവാവിനൊപ്പം 11ന് ദുബായിൽ നിന്നെത്തിയ വൃദ്ധ ദമ്പതികൾ, മെയ് 17ന് അബുദബിയിൽ നിന്നെത്തിയ കുമരകം സ്വദേശിയായ 60കാരി, 16ന് ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി സ്വദേശിയായ ഗർഭിണിയായ വനിതാ ദന്ത ഡോക്ടർ, ചെന്നൈയിൽ നിന്ന് റോഡ് മാർശം ചങ്ങാനാശേരിയിലെത്തിയ 24 കാരനായ വാഴപ്പള്ളി സ്വദേശി, മെയ് 18ന് ബെംഗളൂരുവില്‍ നിന്നെത്തി 23ന് രോഗം സ്ഥിരീകരിച്ച മീനടം സ്വദേശിയുടെ പിതാവ് എന്നിവർക്കാണ് ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള 16 പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന അബുദബിയിൽ നിന്നെത്തിയ അതിരമ്പുഴ സ്വദേശി വൈറസ് മുക്തനായി മടങ്ങി. കോതനല്ലൂരിൽ നിരീക്ഷക്കത്തിലിരിക്കെയാണ് ഇയാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.