കോട്ടയം: ജില്ലയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മണര്‍കാട് സ്വദേശിയായ അമ്പതുകാരനായ ലോറി ഡ്രൈവർ, സംക്രാന്തി സ്വദേശിനിയായ അമ്പത്തിയഞ്ചുകാരി, പനച്ചിക്കാട് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിന്നെത്തിയ ആരോഗ്യ പ്രവർത്തകന്‍റെ അറുപതുകാരിയായ മാതാവ് എന്നിവർക്കാണ് രോഗബാധ. ഇതോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ലോറി ഡ്രൈവര്‍ മാർച്ച് 25നാണ് മഹാരാഷ്ട്രയിൽ നിന്നെത്തിയത്. ഒന്നര മാസം മുമ്പ് ഷാർജയില്‍ നിന്ന് നാട്ടിലെത്തിയതാണ് സംക്രാന്തി സ്വദേശിനി. ഇരുവരും ആരോഗ്യവകുപ്പിന്‍റെ നിർദേശപ്രകാരം ഗാര്‍ഹിക നീരീക്ഷണം പൂര്‍ത്തിയാക്കിയിരുന്നു. രോഗബാധിതനായ ആരോഗ്യ പ്രവർത്തകനുമായി അടുത്തിടപഴകിയത് കണക്കിലെടുത്താണ് മാതാവിന്‍റെ സാമ്പിൾ പരിശോധിച്ചത്. എന്നാൽ ഇയാളുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആറ് പേർക്ക് വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. ഇയാളുമായി നേരിട്ട് സമ്പർക്കത്തിൽപ്പെട്ട 21 പേരും, സെക്കന്‍ററി കോണ്‍ടാക്ടിലായി 60 പേരും ഉൾപ്പെടുന്നു.
വൈറസ് ബാധിച്ച ചുമട്ടുതൊഴിലാളിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പതിനാല് പേരുടെ ഫലം നെഗറ്റീവാണ്. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട 111 പേരെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇയാള്‍ക്ക് വൈറസ് ബാധയേറ്റത് എങ്ങനെയെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.