കോട്ടയം: ഡോക്ടേഴ്‌സ് ദിനത്തില്‍ ഹ്രസ്വ ചിത്രവുമായി ഡോക്‌ടർമാരുടെ മൂവർ സംഘം. കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോക്‌ടര്‍മാരായ റെജി ദിവാകർ, സരീഷ് കുമാർ, ജോസഫ് സെബാസ്റ്റ്യൻ എന്നിവരാണ് 'മിഥ്യ' എന്ന പേരില്‍ ഹ്രസ്വ ചിത്രവുമായെത്തുന്നത്. അപസ്‌മാര രോഗിയായ ഒരു വ്യക്തിക്ക് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുമെന്ന സന്ദേശമാണ് ചിത്രത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത്.
ഗൈനക്കോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. റെജി ദിവാകറാണ് ഹ്രസ്വ ചിത്രത്തിന് കഥയൊരുക്കിയത്. ന്യൂറോ സർജൻ ഡോ. സരീഷ് കുമാർ, ന്യൂറോളജിസ്റ്റ് ഡോ. ജോസഫ് സെബാസ്റ്റ്യൻ എന്നിവർ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് മാസങ്ങൾക്ക് മുൻപ് അപസ്‌മാര രോഗത്തിന് ചികിത്സ തേടിയെത്തിയ ഒരു പെണ്‍കുട്ടിയാണ് ഹ്രസ്വ ചിത്രം നിര്‍മിക്കാന്‍ മൂവര്‍ സംഘത്തിന് പ്രചോദനമായത്.
സോബി എഡിറ്റ്‌ലൈനാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ശരണ്യ, ഷോബി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിന് യൂട്യൂബിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.