കോട്ടയം: കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവ്. പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില ജോസ് കെ. മാണി വിഭാഗത്തിന് നല്‍കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റേതാണ് നടപടി. ചിഹ്‌നത്തെ ചൊല്ലി ജോസ് - ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ഏറെ നാളായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. മറുപക്ഷത്തുള്ള പി.ജെ ജോസഫ് വിഭാഗത്തിനുണ്ടായ കനത്ത തിരിച്ചടിയാണിത്.
രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരവും തർക്കങ്ങളും തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ചുള്ള തെരെഞ്ഞടുപ്പ് കമ്മിഷന്‍റെ 1968-ലെ ഉത്തരവിലെ ഖണ്ഡിക പതിനഞ്ച് പ്രകാരമാണ് ജോസ്.കെ.മാണി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. പാർട്ടിയിൽ തർക്കം ഉണ്ടാകുന്നതിന് മുമ്പുള്ള സ്ഥിതിയാണ് കമ്മിഷന്‍റെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കപ്പെട്ടത്. പാർലമെന്‍റിലും നിയമസഭയിലും ഉള്ള അംഗസംഖ്യയുടെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചവരിൽ ഭൂരിപക്ഷവും ഇപ്പോൾ ജോസ് കെ.മാണി പക്ഷത്തായതിനാൽ ആകെ കിട്ടിയ വോട്ടിലും ഭൂരിപക്ഷം ജോസ്.കെ.മാണി പക്ഷത്തിന്‍റേതായി കമ്മിഷൻ കണക്കാക്കി. പാര്‍ട്ടിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉള്ള അംഗങ്ങളിൽ ഭൂരിപക്ഷവും ജോസ് കെ.മാണിയോടൊപ്പമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടതും കമ്മിഷൻ പരിഗണിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന സമിതി, പാർട്ടി സ്റ്റിയറിങ് കമ്മറ്റി എന്നീ സമിതികളിലെ ജോസ് കെ. മാണിയുടെ ഭൂരിപക്ഷവും കമ്മിഷൻ പരിഗണിച്ചു.
തർക്ക വിഷയങ്ങളിലെ എല്ലാ പരിഗണനാ വ്യവസ്ഥകളിലും ഭൂരിപക്ഷമുണ്ടെന്ന് കമ്മിഷന് മുമ്പിൽ തെളിയിക്കുവാൻ കഴിഞ്ഞതാണ് ജോസ് പക്ഷത്തിന് ഗുണകരമായത്. ജോസ് കെ.മാണി വിഭാഗത്തിലെ നിരവധി ജില്ലാ പ്രസിഡന്‍റുമാരെയും സംസ്ഥാന കമ്മറ്റി, സ്റ്റിയറിങ് കമ്മറ്റി അംഗങ്ങളെയും നീക്കം ചെയ്തതായി പി.ജെ ജോസഫ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിളർപ്പിനുശേഷമുള്ള കാര്യങ്ങൾ കമ്മിഷൻ പരിഗണിച്ചിരുന്നില്ല. പ്രദേശിക കോടതി ഇടപെടലുകളും കമ്മിഷൻ പരിഗണിച്ചില്ല.