കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനം സംബന്ധിച്ച പ്രതികരണവുമായി ജോസ് കെ മാണി. കെ.എം മാണിയുടെ മരണത്തിന് ശേഷം ചെയർമാൻ സ്ഥാനം സംബന്ധിച്ച് വ്യക്തമായ ഒരു പ്രതികരണവുമായി ആദ്യമായാണ് ജോസ് കെ മാണി രംഗത്ത് എത്തുന്നത്. പാർട്ടി ചെയർമാനെ സംബന്ധിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
ചെയർമാൻ സ്ഥാനത്തേക്ക് ജോസ് കെ മാണി വരണമെന്ന ആവശ്യവുമായി ജില്ല പ്രസിഡന്‍റുമാര്‍ അടക്കം പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത് എത്തിയപ്പേഴും ജോസ് കെ മാണി വ്യക്തമായി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇതിനെല്ലാം ശേഷമാണ് പാർട്ടി ചെയർമാനെ സംബന്ധിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതികരണം ജോസ് കെ മാണിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
ജോസ് കെ മാണിയെ ചെയർമാനാക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടപ്പോൾ തന്നെ ജോസഫ് വിഭാഗത്തിൽ നിന്നും മാണി വിഭാഗത്തിൽ നിന്നും ചില നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ മാണി വിഭാഗത്തിന് വ്യക്തമായ സ്വാധീനം ഉള്ള സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം തെളിയിച്ച് ചെയർമാൻ സ്ഥാനത്ത് എത്താന്നുള്ള ജോസ് കെ മാണിയുടെയും മാണി വിഭാഗത്തിന്റെയും നീക്കമാണ് ജോസ് കെ മാണിയുടെ പ്രതികരണത്തിനു പിന്നിലെന്നാണ് സൂചന. അതോടൊപ്പം ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങൾക്ക് തടയിടുകയെന്നതും ഇതിലൂടെ മാണി വിഭാഗം ലക്ഷ്യമിടുന്നു. 27ന് മുമ്പായി പാർലമെന്‍ററി പാർട്ടി നേതാവിനെ തീരുമാനിക്കേണ്ടതിനാല്‍ ഉടൻ തന്നെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ചേരുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.