കോട്ടയം: മുന്നണിയില്‍ നിന്ന് പുറത്താക്കിയ യുഡിഎഫുമായി ഇനി ചര്‍ച്ചയ്‌ക്കില്ലെന്ന് വ്യക്തമാക്കി ജോസ് കെ. മാണി. പാര്‍ട്ടി സ്വതന്ത്രമായി മുന്നോട്ടു പോകും. ഈ മാസം പത്തിന് മുമ്പ് താഴെ തട്ടിലുള്ള യോഗം ചേരും. ഭാവികാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും നിലവില്‍ ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. മാണിയെ മറന്നുകൊണ്ടുള്ള നടപടിയാണ് യുഡിഎഫില്‍ നിന്നുണ്ടായിരിക്കുന്നത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകേണ്ട മുന്നണി അത് മറന്നു. ഐക്യജനാധിപത്യ മുന്നണിക്ക് ജനകീയ മുഖം കൊടുത്തത് കേരളാ കോൺഗ്രസാണ്. യുഡിഎഫ് പ്രവർത്തകരെ വരെ തീരുമാനം മുറിവേൽപിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു.
കര്‍ഷക പെന്‍ഷന്‍ മുതല്‍ കാരുണ്യ വരെയുള്ള പദ്ധതികള്‍ വരെ നടപ്പാക്കി യു.ഡി.എഫിന് ജനകീയ മുഖം കൊടുത്തത് കെ.എം മാണിയും കേരള കോണ്‍ഗ്രസുമാണ്. ആ ഹൃദയ ബന്ധത്തെയാണ് മുറിച്ചുമാറ്റിയത്. തദ്ദേശ സ്വയംഭരണസ്ഥാപനത്തിലെ ഒരു പദവിക്ക് വേണ്ടി 38 വര്‍ഷമായി ഒപ്പം നിന്ന, മുന്നണിക്ക് രൂപം കൊടുക്കാന്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയെയാണ് പുറത്താക്കിയത്. ഈ തീരുമാനം യു.ഡി.എഫ് നേതൃത്വത്തില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും ജോസ് കെ മാണി പറയുന്നു. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും കേരള കോൺഗ്രസ്, കോൺഗ്രസ് പാർട്ടിയെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ മോശക്കാരൻ ആയതെന്നും ജോസ് കെ മാണി പറഞ്ഞു.
പിജെ ജോസഫിനെയും ജോസ് കെ മാണി രൂക്ഷമായി വിമര്‍ശിച്ചു. പി.ജെ ജോസഫ് നുണകൾ വീണ്ടും ആവര്‍ത്തിക്കുകയാണ്. ജോസഫ് ഗ്രൂപ്പിന് രാഷ്ട്രീയ അഭയം നല്‍കിയത് കെ.എം മാണിയാണ്. അതു കൊടുത്തതിന് ശേഷം ആ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് കെ.എം മാണിയുടെ മരണത്തിന് ശേഷം അതിനെ തകര്‍ക്കാനാണ് പി.ജെ ജോസഫ് ശ്രമിച്ചത്. പിജെയെ പാര്‍ട്ടിയില്‍ എടുത്താലുണ്ടാവുന്ന ഗുണവും ദോഷവും നിങ്ങള്‍ സഹിക്കണമെന്ന് അന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. മാണി മരിച്ചതിന് ശേഷം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പിജെ ശ്രമിച്ചു. ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിയെ തകര്‍ക്കാന്‍ പലരും ശ്രമിച്ചു. അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് കേരള കോണ്‍ഗ്രസിനുള്ളതെന്നും ജോസ്.കെ.മാണി പറഞ്ഞു.