കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോട്ടയം ജനറൽ ആശുപത്രിയിൽ അഭിമുഖത്തിനെത്തിയത് നൂറുകണക്കിന് പേര്‍. വിവിധ തസ്തികയിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം തീരുമാനിച്ചിരുന്നത്. പ്രതീക്ഷിച്ചതിലും അധികം ആളുകൾ എത്തിയതോടെ ഉദ്യോഗാർഥികളുടെ നീണ്ട നിര ജനറൽ ആശുപത്രിയിൽ രൂപപ്പെട്ടു. ആശുപത്രി പരിസരവും പിന്നിട്ട് റോഡിലേക്കും നിര നീണ്ടു. തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ആശുപത്രിയുടെ പ്രധാന കവാടം അടച്ചു. തുടര്‍ന്ന് അഭിമുഖം നിര്‍ത്തിവെക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശം നൽകി. സംഭവം വിവാദമായതോടെ തുടർന്നുള്ള അഭിമുഖം ഓൺലൈനായി നടത്താനാണ് തീരുമാനം.
കൈ കുഞ്ഞുങ്ങളുമായി വരെ ഉദ്യോഗാർഥികൾ അഭിമുഖത്തിനെത്തിയിരുന്നു. അത്യാഹിത വിഭാഗത്തിനു മുന്നിലും ഗേറ്റിന് പുറത്തുമായി നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ന് രാവിലെ 10 മണി മുതൽ രണ്ട് മണി വരെ അഭിമുഖം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. തിരക്ക് മുന്നിൽ കണ്ട് പ്രത്യേക ബുക്കിങ്ങോ സമയ ക്രമീകരണങ്ങളോ ഏർപ്പെടുത്തിയിരുന്നില്ല.
വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് അഭിമുഖം സംഘടിപ്പിച്ചതെന്ന വ്യാപക പരാതിയുണ്ട്. ഇത്രയും ഉദ്യോഗാർഥികൾ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ജില്ലാ പഞ്ചായത്തിന്‍റെ വിശദീകരണം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ബോധവൽക്കരണം നടത്തുന്ന ആരോഗ്യ വകുപ്പിൽ നിന്നു തന്നെ ഗുരുതര വീഴ്ചയുണ്ടായ സാഹചര്യത്തിൽ കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന.