കോട്ടയം : ഇന്ന് (ജൂലൈ 4) അന്താരാഷ്ട്ര ചക്ക ദിനം. തോട്ടങ്ങളിലും തൊടികളിലും സമൃദ്ധമായി ലഭിക്കുന്ന ചക്ക ഒരു കാലത്ത് നാട്ടിൻപുറത്തെ തീൻമേശയിലെ അവിഭാജ്യ ഭക്ഷണ വിഭവങ്ങളിലൊന്നായിരുന്നു. ചക്കച്ചുള, മടൽ,ചകിണി,കുരു തുടങ്ങി ഏത് ഭാഗമെടുത്താലും രുചികരവും ആദായകരവുമായ വിഭവങ്ങളുണ്ടാക്കാം.
ചക്കക്കുരു പൊടി, ചക്കക്കുരു അവലോസ് പൊടി, ചക്ക ഹൽവ, ചക്ക കേക്ക്, ചക്ക അട തുടങ്ങി രുചിയേറിയ വിഭവങ്ങൾക്ക് ഇന്ന് പ്രിയമേറിയിട്ടുണ്ട്. കേരളത്തില്‍ നിന്നും വൻതോതിൽ ചക്കയും മൂല്യവർധിത ഉത്പന്നങ്ങളും അന്യസംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. പലയിടത്തും ചക്ക സംസ്‌കരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
പോഷക സമ്പന്നം : കേരളത്തിന് പുറമെ തമിഴ്‌നാടിന്‍റെയും സംസ്ഥാന ഫലമാണ് ചക്ക. പ്രോട്ടീൻ സമ്പന്നമായ ചക്കയിൽ വിറ്റാമിന്‍, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ചക്കയിൽ അടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബർ, ഭക്ഷണത്തിലെ ഗ്യൂക്കോസിന്‍റെ അമിത ആഗിരണം തടയാൻ സഹായിക്കും.
ഗ്ലൈസീമിക് ഇൻഡക്‌സ് കുറവായതിനാൽ പ്രമേഹ രോഗികൾക്കും ചക്ക കഴിക്കാം. എല്ലുകൾക്കും പേശികൾക്കും ആവശ്യമായ ധാതുക്കളും ചക്കയിലടങ്ങിയിട്ടുണ്ട്. ചക്കയിലുള്ള ആൻ്റി ഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും രോഗങ്ങൾ, അണുബാധകൾ, വൈറസുകൾ എന്നിവയ്ക്ക് എതിരെ പോരാടാന്‍ ശരീരത്തെ പ്രാപ്‌തമാക്കുകയും ചെയ്യും.
Also read: പൗഡർ മുതൽ അച്ചാർ വരെ; ചക്ക മയമായി പയ്യന്നൂരിലെ ചക്ക ഫെസ്റ്റ്
നാരുകളാൽ സമൃദ്ധമായ ചക്ക കഴിക്കുന്നത് കുടലിൽ അർബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചക്കപ്പൊടി ഉപയോഗിക്കുന്നവരില്‍ കീമോതെറാപ്പിയുടെ പാർശ്വഫലം കുറയുന്നതായി ഓങ്കോളജിസ്റ്റുകളും പറയുന്നുണ്ട്.