കോട്ടയം: കനത്ത മഴയെത്തുടർന്ന് കോട്ടയം ജില്ല ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണിയിൽ. തിങ്കളാഴ്‌ച ഉണ്ടായ കനത്ത മഴയിൽ ജില്ലയിലെ നദികൾ നിറഞ്ഞൊഴുകുകയാണ്. പാലാ ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ വെള്ളം റോഡിൽ കയറി. കോട്ടയം നഗരത്തോട് അടുത്തുള്ള ഭാഗങ്ങളിലെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ നാല് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖലയിലും വെള്ളം കയറി തുടങ്ങി. കോട്ടയം നാഗമ്പടം ആറ്റു മാലി ഭാഗത്തെ വീടുകളിൽ ഇന്നലെ രാത്രി വെള്ളം കയറി. മീനച്ചലാറ്റിലും കൂട്ടിക്കൽ മേഖലയിലെ പുല്ലകയാറ്റിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
പാലാ ഈരാറ്റുപേട്ട ഭാഗത്ത് നിന്ന് വെള്ളം കൂടുതലായി എത്തിയാൽ കോട്ടയത്തിന്‍റെ പടിഞ്ഞാറ് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാകും. ജില്ലയുടെ കിഴക്കൻ മേഖലകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. മുണ്ടക്കയം, കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്‌ച കനത്ത മഴയാണ് പെയ്‌തത്.
ALSO READ: അസാനി ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ കേരളത്തില്‍ മഴ തുടരും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇവിടെ ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്. മീനച്ചിലാറിന്‍റെ ഇരുകരകളിലും പതുക്കെ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. അതിനാൽ ഇത്തവണ വെള്ളപ്പൊക്കം നേരത്തെ ആകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അതേസമയം വെള്ളം കയറിയതിനാൽ ആറ്റിന്‍റെ തീരങ്ങളിൽ മീൻപിടുത്തവും സജീവമായിട്ടുണ്ട്.